അതിരാവിലെ പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കുക ; വൈദ്യുതി അപകടം ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് KSEB



തിരുവനന്തപുരം :- സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും ഉണ്ടാകുന്ന വൈദ്യുതി അപകടം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. രാത്രികാലങ്ങളില്‍ മരം വീണും മറ്റും വൈദ്യുത കമ്പികള്‍ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബര്‍ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചു.

പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ മാത്രമല്ല സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാതൊരു കാരണവശാലും സമീപത്തേക്ക് പോകരുത്, ആരേയും പോകാന്‍ അനുവദിക്കുകയും അരുത്. കെ എസ് ഇ ബി ജീവനക്കാര്‍ എത്തുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈന്‍ വെള്ളത്തില്‍ കിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പര്‍ശിക്കരുത്.

ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ കമ്പോ, വൈദ്യതി കടത്തിവിടാത്ത മറ്റെന്തെങ്കിലും വസ്തുവോകൊണ്ട് ഷോക്കേറ്റ ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്.

വൈദ്യുതി ലൈനുകള്‍ അപകടകരമായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണം. ഓര്‍ക്കുക, ഈ നമ്പര്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. കെ.എസ്.ഇ.ബി.യുടെ 24/7 ടോള്‍ ഫ്രീ നമ്പരായ 1912-ല്‍ വിളിച്ചോ, 9496001912 എന്ന നമ്പരില്‍ കോള്‍ / വാട്‌സ്ആപ് മുഖേനയോ വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി അറിയിക്കാവുന്നതാണ്. കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.



Previous Post Next Post