ദില്ലി :- സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ റെക്കോർഡിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 103 മിനിറ്റ് (1 മണിക്കൂർ 43 മിനിറ്റ്) നീണ്ടു നിന്ന ദൈർഘ്യമേറിയ പ്രസംഗമാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ, നികുതിയിളവ് പ്രഖ്യാപനം അടക്കം പരാമർശിച്ച ഇന്നത്തെ പ്രസംഗം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയതാണ്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ 98 മിനിറ്റ് പ്രസംഗത്തിന്റെ സ്വന്തം റെക്കോർഡാണ് അദ്ദേഹം മറികടന്നത്. 7.34 ന് ആരംഭിച്ച പ്രസംഗം 9.17 വരെ നീണ്ടു നിന്നു.
രാജ്യത്തെ പ്രധാനമന്ത്രിമാരുടെ സ്വാതന്ത്ര്യ ദിന പ്രസംഗ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയതും നരേന്ദ്രമോദിയുടേതാണ്. 2014 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം അദ്ദേഹം നടത്തിയ ആദ്യ പ്രസംഗം 65 മിനിറ്റായിരുന്നു. ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം 2017-ലായിരുന്നു ഏകദേശം 56 മിനിറ്റാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയവർ വെറും 14 മിനിറ്റ് മാത്രമാണ് സാധാരണയായി പ്രസംഗിക്കാറുണ്ടായിരുന്നത്. മൻമോഹൻ സിംഗ് 50 മിനിറ്റിനടുത്തും അടൽ ബിഹാരി വാജ്പേയി 30-35 മിനിറ്റും പ്രസംഗിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്കരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എം.എസ്.എം.ഇ മേഖലയെ ഉത്തേജിപ്പിക്കാനും നികുതി പരിഷ്കരണം സഹായിക്കും.
നിലവിലെ ജി.എസ്.ടി സംവിധാനത്തിൽ 0% മുതൽ 28% വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുണ്ട്. മിക്ക ഉൽപ്പന്നങ്ങൾക്കും 12%, 18% എന്നിവയാണ് സാധാരണ നിരക്കുകൾ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തിയതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.