28 വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടി സ്വർണ്ണമോതിരം ; അരിമ്പ്രയിലെ വസന്തകുമാരിക്ക് സമ്മാനിച്ചത് മധുരിക്കും ഓർമ്മകൾ കൂടി


മുല്ലക്കൊടി :- 28 വർഷം മുൻ നഷ്ടപ്പെട്ട മോതിരം തിരികെ ലഭിച്ചതിന്റെ ആകാംക്ഷയിലും സന്തോഷത്തിലുമാണ് അരിമ്പ്രയിലെ ഒ.വി വസന്തകുമാരി. മൂലയിൽ താഴെ ഉറവ് ചാലിൽ നിന്ന് കുളിക്കുമ്പോഴാണ് ഒരുകൂട്ടം കുട്ടികൾക്ക് വസന്തകുമാരിയുടെ കാണാതായ കല്യാണ മോതിരം ലഭിച്ചത്. ഭർത്താവ് അശോകൻ സമ്മാനിച്ച അരപ്പവൻവരുന്ന വിവാഹമോതിരമാണ് തിരികെ ലഭിച്ചത്.

28 വർഷം മുമ്പ് അരിമ്പ്രയിലെ വീടിനടുത്തുള്ള തോട്ടിൽ നിന്ന് തുണി കഴുന്നതിനിടെ നഷ്‌ടപ്പെട്ടു പോകുകയായിരുന്നു. ദിവസങ്ങളോളം തെരഞ്ഞെങ്കിലും മോതിരം കണ്ടുകിട്ടിയില്ല. എന്നാൽ അണഞ്ഞ പ്രതീക്ഷകൾക്ക് മുകളിലായാണ് കഴിഞ്ഞദിവസം  വീടിന് സമീപത്തെ കുട്ടികൾ മോതിരവുമായി വസന്തകുമാരിക്ക് അരികിലെത്തിയത്. മരണപ്പെട്ട ഭർത്താവിന്റെ ഓർമ്മകളും അതോടൊപ്പം വസന്തകുമാരിയിലെത്തി. മോതിരത്തിലെ പേരാണ് ഉടമയായ വസന്തകുമാരിയെ കണ്ടെത്താനിടയാക്കിയത്.

മുല്ലക്കൊടി പടിഞ്ഞാറ് യൂണിറ്റിലെ ബാലസംഘം പ്രവർത്തരായ കെ.ഋതുനന്ദ്, കെ.വി ഷാരോൺ. കെ.ശ്രീനന്ദ്, എൻ.കെ ഋതുനന്ദ് എന്നിവർക്കാണ് മോതിരം ലഭിച്ചത്. വെള്ളക്കെട്ടിൽ കളിച്ചുകൊണ്ടിരിക്കെ കല്ലും മണ്ണും നീക്കുന്നതിനിടെയാണ് സ്വർണമോതിരം കിട്ടിയത്. തുടർന്ന് കുട്ടികൾ മുല്ലക്കൊടി പടിഞ്ഞാറ് എ.കെ.ജി സ്മാരക വായനശാല ഭാരവാഹികളെ അറിയിച്ചു. വസന്തകുമാരി വായനശാലയിലെത്തി കുട്ടികളിൽ നിന്നും മോതിരം ഏറ്റുവാങ്ങി.


Previous Post Next Post