കണ്ണൂർ:-വ്യവസായ വാണിജ്യ വകുപ്പ്, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ കൈത്തറി ദിനാചരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. കൈത്തറി മേഖലയില്‍ നൂതനമായ മാറ്റങ്ങളും വ്യത്യസ്തമായ ആശയങ്ങളും കൊണ്ടുവന്ന് കൈത്തറി ഉല്‍പന്നങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 35 കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നുള്ള 35 മുതിര്‍ന്ന നെയ്ത്തുകാരെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. കൈത്തറി വ്യവസായത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും നെയ്ത്തുകാരുടെ സാമൂഹിക, സാമ്പത്തിക വികസനം ലക്ഷ്യമിട്ടു കൊണ്ടുമാണ് ആഗസ്റ്റ് ഏഴ് ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്.
താണ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. അജിമോന്‍ അധ്യക്ഷനായി. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.കെ അന്‍വര്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.പി ഗിരീഷ് കുമാര്‍, മാനേജര്‍ രഞ്ജുമാണി, അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ജി നന്ദകുമാര്‍, കൈത്തറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം ദാസന്‍ എന്നിവര്‍ പങ്കെടുത്തു