ന്യൂഡൽഹി :- ബാങ്കിൽ നിന്ന് ചെക്ക് മാറിയെടുക്കുന്ന നടപടി വേഗത്തിലാക്കാനുള്ള പുതിയ സംവിധാനം ഒക്ടോബർ 4 മുതൽ രണ്ടുഘട്ടമായി റിസർവ് ബാങ്ക് നടപ്പാക്കും. നിലവിൽ ചെക്ക് മാറി പണം ലഭിക്കാൻ കുറഞ്ഞത് 2 ദിവസമെടുക്കാറുണ്ട്. ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) വഴിയാണ് ഭൂരിഭാഗം ബാങ്ക് ശാഖകളും ചെക്ക് ക്ലിയറിങ് നടത്തുന്നത്.
ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് (ബാച്ച് പ്രോസസിങ്) നിശ്ചിത സമയത്ത് സ്കാൻ ചെയ്‌ത് അയയ്ക്കുകയാണു രീതി. ഇതിനുപകരം ബാങ്കിൽ ചെക്ക് ലഭിക്കുന്ന മുറയ്ക്കുതന്നെ സിടിഎസ് സംവിധാനം വഴി സ്കാൻ ചെയ്ത് അയയ്ക്കും. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ പണം ലഭിക്കും.