കഞ്ചാവുകേസിൽ പ്രതിയായ ബംഗാൾ സ്വദേശി വി ശ്വജിത്ത് മണ്ഡലിനു സോപാധിക ജാമ്യം അനുവദിച്ചുകൊണ്ടാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. കഡിയിലെടുത്ത് 24 മണിക്കൂറിനകം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. അറസ്‌റ്റ് ചെയ്‌തു കസ്റ്റഡിയിലെടുക്കുന്നയാളെ 24 മണിക്കൂറിനകം സമീപത്തെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കണമെന്ന ഭരണഘടനാ വ്യവസ്‌ഥ കോടതി ചൂണ്ടിക്കാട്ടി. 'അറസ്റ്റ് ചെയ്തു കസ്‌റ്റഡിയിലെടുക്കുന്ന' എന്ന പ്രയോഗം പൊലീസ് ദുർവ്യാഖ്യാനം ചെയ്ത്‌ത്, അറസ്‌റ്റ് രേഖപ്പെടുത്തുമ്പോൾ മുതൽ സമയം കണക്കാക്കാറുണ്ട്. എന്നാൽ, നിയമ പ്രകാരമുള്ള അധികാരികൾ ഒരാളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾ വിലക്കുന്നത് അറസ്റ്റായി കണക്കാക്കാമെന്നു കോടതി പറഞ്ഞു.
നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണ്. കൊടിയ ക്രിമിനലിനു പോലും നീതിപൂർവമായ പരിഗണനയ്ക്ക് അർഹതയുണ്ട്. വ്യക്തിക്കു ജീവിക്കാനും സ്വതന്ത്രമായി വിഹരിക്കാനുമുള്ള മൗലികാവകാശമാണു ഭരണഘടനയുടെ ആത്മാവ്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ കോടതികൾക്ക് ഇടപെടാനുള്ള വ്യവസ്‌ഥ ക്രിമിനൽ നിയമശാസ്ത്രത്തിലുണ്ടെന്നു പറഞ്ഞ കോടതി, ഹർജിക്കാരനെ 24 മണിക്കൂറിലേറെ കസ്‌റ്റഡിയിൽ വച്ചതു കണക്കിലെടുത്ത് ഉപാധികളോടെ ജാമ്യം അനുവദിച്ചു.