പാലക്കാട് :- വിദ്യാർഥികൾക്ക് സ്കൂളുകൾ വഴി ആധാർ കാർഡെടുക്കാനും പുതുക്കാനുമുള്ള സൗകര്യം വരുന്നു. സ്കൂൾ പ്രവേശന സമയത്ത് വിദ്യാർഥികൾക്ക് പെട്ടെന്ന് ആധാർ കാർഡ് ലഭ്യമാക്കുന്നതിനായാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകൾ വഴി കുട്ടികടെ ബയോമെട്രിക് അപ്ഡേറ്റ് പ്രക്രിയ അടുത്ത രണ്ടുമാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടത്താനാണ് തീരുമാനം. അഞ്ചു മുതൽ ഏഴുവയസ്സുവരെയുള്ള കുട്ടികൾക്ക് ബയോമെട്രിക് അപ്ഡേഷൻ സൗജന്യമാണ്. ഏഴുവയസ്സിനുമുകളിലുള്ളവർ 100 രൂപ ഫീസ് നൽകണം.
നിശ്ചിത സമയത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ കുട്ടികൾക്ക് സർക്കാർ പദ്ധതികളുടെയും സേവനങ്ങളുടെയും ആനുകൂല്യങ്ങളും ലഭിക്കില്ല. ഇത്തവണ സ്കൂൾ പ്രവേശന സമയത്ത് ഒട്ടേറെ കുട്ടികൾക്ക് ആധാർ കാർഡില്ലാത്തത് പ്രശ്നമായിരുന്നു. 15-ാം വയസ്സിൽ രണ്ടാമത്തെ നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റിനായി സ്കൂളുകളിലും കോളേജുകളിലും സൗകര്യമൊരുക്കുന്ന കാര്യവും പരിഗണനയിലാണ്. ഇതിനായി എല്ലാ ജില്ലകളിലേക്കും ബയോമെട്രിക് മെഷീനുകൾ അയയ്ക്കും. പിന്നീട് ഇവ തിരഞ്ഞെടുത്ത സ്കൂളുകളിലേക്ക് ക്രമത്തിൽ ലഭ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്