അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സ്കൂളുകളിൽ സുരക്ഷാ സമിതി ; ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും


പാലക്കാട് :- അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സ്കൂളുകളിൽ 12 അംഗ സുരക്ഷാ ഉപദേശക സമിതി രൂപീകരിച്ച് കർമ പദ്ധതി തയാറാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിന്റെ ഭാഗമായി അധ്യാപകർക്കും വിദ്യാർഥികൾക്കും ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. കൊല്ലം തേവലക്കര സ്കൂ‌ളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സ്‌കൂളിൽ ദുരന്തനിവാരണ പരിശീലനം നേടിയവരുടെ വിവരങ്ങൾ, വിവിധ തരത്തിലുള്ള അപകടങ്ങൾ കൈകാര്യം ചെയ്യേണ്ട രീതി ഉൾപ്പെടെ രേഖപ്പെടുത്തിയ സുരക്ഷ ആസൂത്രണ രേഖയും തയാറാക്കണം. മുന്നൊരുക്കങ്ങളെക്കുറിച്ച് അതിൽ രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനം നടത്തേണ്ട രീതികളും ചിത്രങ്ങളും സ്കൂളുകളിൽ പ്രദർശിപ്പിക്കുകയും വേണം. വർഷത്തിൽ 2 തവണ വിദ്യാർഥികളെ ഉൾപ്പെടുത്തി മോക്ഡ്രിൽ നടത്തണം.

സംസ്‌ഥാനതലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടേയും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികൾക്കും, ജില്ലാതലത്തിൽ കലക്ടർക്കുമാണ് സുരക്ഷാ സമിതിയുടെ ചുമതല. 12 അംഗ സമിതിയുടെ അധ്യക്ഷൻ പ്രിൻസിപ്പലായിരിക്കും. കൂടാതെ പിടിഎ പ്രസിഡന്റ്, പൊലീസ്, അഗ്നിരക്ഷാ സേന, സ്‌കൂളിലെ ഒരു ആൺകുട്ടി, പെൺകുട്ടി, എൻസിസി, സകൗട്‌സ്, എൻഎസ്എസ് എന്നിവയിൽ നിന്ന് ഓരോ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ, ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി, ഡോക‌ർ, സിവിൽ ഡിഫൻസ് വാർഡൻ തുടങ്ങിയവർ അടങ്ങിയതാണ് സുരക്ഷാ ഉപദേശക സമിതി. സമിതി രൂപീകരിച്ചതിന്റെയും പ്രവർത്തനങ്ങളുടേയും റിപ്പോർട്ട് സ്കൂളുകൾ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കണം.

Previous Post Next Post