മയ്യിൽ :- ദേശീയ പതാകയിലെ നിറങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് കയരളം എ.യു.പി സ്കൂളിലെ സ്കൂളിലെ മുഴുവൻ കുട്ടികളും തയ്യാറാക്കിയ ടാൻഗ്രാമുകളുടെ പ്രദർശനം സ്വാതന്ത്ര്യദിനത്തിൽ വ്യത്യസ്തമായ പ്രവർത്തനമായി. ത്രിവർണം സീസൺ ത്രീ ആണ് ഈ വർഷം പ്രദർശനത്തിനായി ഒരുങ്ങിയത്. ത്രിവർണ്ണത്തിൽ ജ്യോമട്രിക് പാറ്റേണുകളും ഗണിതരൂപങ്ങളും നിർമ്മിച്ചായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ ശ്രദ്ധ നേടിയത്.
സ്കൂളിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം. ഡയറ്റ് സീനിയർ ലക്ചറർ ഡോ കെ പി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ നാൾവഴികളിലൂടെ എന്ന വിഷയത്തിൽ റിട്ടയേർഡ് ഹയർ സെക്കൻഡറി അധ്യാപകൻ പി.ദിലീപ് മാസ്റ്റർ ക്ലാസ് എടുത്തു. കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം, നൃത്തശില്പം, ചിത്രപ്രദർശനം എന്നിവയും അരങ്ങേറി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ഇ.കെ രതി, പി ടി എ പ്രസിഡന്റ് നിധീഷ്.എം, എസ് എസ് ജി കൺവീനർ കെ.പി കുഞ്ഞികൃഷ്ണൻ, സി.വി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.