ന്യൂഡൽഹി :- ദീപാവലി ഉൾപ്പെടെയുള്ള ആഘോഷസമയങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ യാത്രാ തിരക്കു പരിഗണിച്ച് ട്രെയിൻ ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവു നൽകാനുള്ള പദ്ധതിയുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. ഒക്ടോബർ 13നും 26നും ഇടയിൽ യാത്ര ചെയ്യുന്നവർ നവംബർ 17നും ഡിസംബർ ഒന്നിനുമിടയിൽ അതേ തീവണ്ടിയിൽ മടങ്ങുകയാണെങ്കിൽ മടക്ക ടിക്കറ്റിന്റെ നിരക്കിൽ 20% ഇളവു ലഭിക്കുന്നതാണു പദ്ധതി. ഉദാഹരണത്തിനു ഡൽഹിയിൽ നിന്നു പാലക്കാട്ടേക്കു യാത്ര ചെയ്യുകയാണെങ്കിൽ ഒക്ടോബർ 13 മുതൽ 26 വരെയുള്ള ദിവസങ്ങളിലായിരിക്കണം യാത്ര. പാലക്കാട്ടു നിന്നുള്ള മടക്കയാത്ര അതേ ട്രെയിനിൽ തന്നെ നവംബർ 17 മുതൽ ഡിസംബർ ഒന്നു വരെയുള്ള ദിവസങ്ങളിൽ നടത്തണം.
ഒക്ടോബർ 13നു തുടങ്ങുന്ന യാത്രയുടെ ടിക്കറ്റ് ഈ മാസം 14 മുതൽ റിസർവ് ചെയ്യാം. മടക്കയാത്രയുടെ ടിക്കറ്റ് പിന്നീടു റിസർവേഷൻ തുടങ്ങുന്ന ഘട്ടത്തിലാണു ചെയ്യേണ്ടത്. കണക്ടിങ് ജേണി എന്ന ഓപ്ഷൻ ഉപയോഗിച്ചാണു മടക്കയാത്ര ബുക്ക് ചെയ്യേണ്ടത്. പതിവു ട്രെയിനുകൾക്കും ഉത്സവ കാല പ്രത്യേക ട്രെയിനുകൾക്കും ഇളവു ലഭിക്കും. എന്നാൽ, തിരക്കിനനുസരിച്ച് ടിക്കറ്റ് ചാർജ് കൂടുന്ന രാജധാനി, ശതാബ്ദി, തുരന്തോ പോലുള്ള ട്രെയിനുകളിൽ ഈ ആനുകൂല്യമില്ല.
ഓൺലൈൻ വഴിയോ സ്റ്റേഷൻ കൗണ്ടർ വഴിയോ ടിക്കറ്റ് എടുക്കാം. പക്ഷേ, രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഒരേ രീതി തന്നെയാകണം ഉപയോഗിക്കേണ്ടത്. എസി ഉൾപ്പെടെ എല്ലാ വിഭാഗത്തിലും ഈ ഇളവു ലഭിക്കും. അതേസമയം രണ്ടു ടിക്കറ്റുകളും കൺഫേം ആയിരിക്കണം. വെയ്റ്റിങ് ലിസ്റ്റിലാണെങ്കിൽ ഇളവിന് അവസരമില്ല. മറ്റ് ഇളവുകളും ലഭിക്കില്ല.
യാത്ര ചെയ്യുന്നവർ, ക്ലാസ്, യാത്ര ചെയ്യുന്ന സ്റ്റേഷൻ എന്നിവയിലൊന്നും മാറ്റമുണ്ടാകാൻ പാടില്ല. ഫലത്തിൽ ഒരേ യാത്രക്കാർ, ഒരേ ട്രെയിനിൽ മടക്ക ടിക്കറ്റ് ഉൾപ്പെടെ എടുക്കുമ്പോൾ മാത്രമേ ഇളവു ലഭിക്കു. തിരിച്ചുള്ള യാത്രയുടെ അടിസ്ഥാന നിരക്കിന്റെ 20% ഇളവുലഭിക്കും.