ന്യൂഡൽഹി :- രാജ്യത്തെ സിബിഎസ്‌ഇ സ്‌കൂളുകളിൽ 9-ാം ക്ലാസിൽ അടുത്ത അധ്യയന വർഷം മുതൽ ഓപ്പൺ ബുക്ക് പരീക്ഷാ രീതി നടപ്പാക്കും. ഭാഷ, കണക്ക്, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ പീരിയോഡിക്കൽ ടെസ്റ്റിൽ ഉൾപ്പെടെ രീതി ഉൾപ്പെടുത്തും. ടേം, വാർഷിക പരീക്ഷകൾ ഇത്തരത്തിലാകുമോയെന്നു വ്യക്തമല്ല. പാഠപുസ്തകത്തിലെ വിവരങ്ങളിൽ നിന്നുള്ള പരോക്ഷമായ ചോദ്യങ്ങളാകും ഈ രീതിയിൽ ഉണ്ടാകുക. പുസ്‌തകത്തിൽ പലയിടങ്ങളിലായാകും ഇതിൻ്റെ ഉത്തരങ്ങൾ.
ചോദ്യങ്ങൾ വിശകലനം ചെയ്ത് പുസ്തകത്തിന്റെ സഹായത്തോടെ ഉത്തരം കണ്ടത്താം. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലെ ശുപാർശ അനുസരിച്ചാണു നീക്കം. വിദ്യാർഥികളിലെ വിശകലന പാടവം മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നായിരുന്നു വിലയിരുത്തൽ. ഭാവിയിൽ കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിച്ചേക്കും. മാതൃകാ പരീക്ഷാ പേപ്പർ തയാറാക്കുമെന്നും പരീക്ഷയുടെയും ചോദ്യങ്ങളുടെയും നിലവാരം ഉറപ്പാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.