തെരുവുനായ പ്രശ്നം ; ദേശീയ തലത്തിൽ നയം വേണമെന്ന് സുപ്രീം കോടതി


ദില്ലി :- ദില്ലിയിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. തെരുവുനായ പ്രശ്നത്തിൽ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ കേസുകളുടെ വിവരങ്ങളും സുപ്രീം കോടതി തേടി. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ നയം വേണമെന്നും കോടതി വ്യക്തമാക്കി. ദില്ലിയിലെ തെരുവുനായ പ്രശ്നത്തിൽ നായകളെ ഷെൽട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന വിധി സുപ്രീം കോടതി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. പിടികൂടിയ നായ്ക്കളിൽ അക്രമകാരികൾ അല്ലാത്തവരെ വിട്ടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

നായ്ക്കളെ ഷെൽട്ടർഹോമുകളിലേക്ക് മാറ്റണമെന്ന ജസ്റ്റിസ്‌ പർദ്ദിവാലയുടെ ഉത്തരവ് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജസ്റ്റിസ്‌ പർദ്ദിവാലയുടെ ബെഞ്ചിൽ നിന്നാണ് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. തുടര്‍ന്നാണിപ്പോള്‍ ഷെൽട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് മൂന്നംഗ ബെഞ്ച് ഉത്തരവിറക്കിയത്. 

ഡൽഹിയിലും സമീപ ജില്ലകളായ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെയും തെരുവ് നായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ നിർദേശം നൽകിയ വിവാദമായ ഓഗസ്റ്റ് എട്ടി ലെ ജസ്റ്റിസ്‌ പർദ്ദിവാലയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് വിക്രം നാഥിന്‍റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ സന്ദീപ് മേത്തയും എൻ.വി. അഞ്ജരിയ എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഉത്തരവിറക്കിയത്.

Previous Post Next Post