കണ്ണൂർ :- ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ് തസ്തികകളിൽ വിരമിച്ചവരെ ദിവസവേതനത്തിന് നിയമിക്കാൻ റെയിൽവേ തീരുമാനം. ഷണ്ടിങ് ജോലികൾക്കും (തീവണ്ടികൾ ഓടിച്ച് സ്റ്റേഷനിലും യാർഡിലും മാറ്റിയിടുന്ന പ്രവൃത്തി) സൈഡിങ് ജോലികൾക്കുമാണ് ഇവരെ ഉപയോഗിക്കുക. വിരമിച്ചവരെ നിയമിക്കുന്നതിനെതിരേ ലോക്കോ പൈലറ്റുമാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.2024 ജനുവരി, ജൂൺ മാസങ്ങളിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 18,799 അസി. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
നിയമനത്തിന് ഉദ്യോഗാർഥികൾ അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് റെയിൽവേയുടെ ഈ നീക്കം. ദക്ഷിണ റെയിൽ വേയിൽ 726 ഒഴിവുണ്ട്, കേരളത്തിൽ 170. ലോക്കോ പൈലറ്റുമാരുടെയും അസി. ലോക്കോ പൈലറ്റുമാരുടെയും കടുത്ത ക്ഷാമം കണക്കിലെടുത്താണ് വിരമിച്ചവരുടെ നിയമനമെന്നാണ് റെയിൽവേ ബോർഡ് ന്യായീകരണം. പോയിന്റ്സ്മാൻ മുതൽ സ്റ്റേഷൻ മാസ്റ്റർ വരെയുള്ള തസ്തികളിലേക്ക് വിരമിച്ചവരെ നിയമിക്കാൻ റെയിൽവേ നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഗ്രൂപ്പ് സി വിഭാഗത്തിൽ മൂന്നു ലക്ഷത്തോളം ഒഴിവുകൾ ഉള്ളപ്പോഴാണ് 60 വയസ്സ് കഴിഞ്ഞവരെ നിയമിക്കുന്നത്.