ന്യൂഡൽഹി :- മിനിമം ബാലൻസ് നിബന്ധന അതത് ബാങ്കുകളാണ് തീരുമാനിക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത. ഐസിഐസിഐ ബാങ്ക് പുതിയ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന കുത്തനെ ഉയർത്തിയതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓരോ ബാങ്കിനും മിനിമം ബാലൻസ് സംബന്ധിച്ച വ്യവസ്ഥകളുണ്ട്. ഇത് റിസർവ് ബാങ്കിന്റെ നിയന്ത്രണച്ചട്ടക്കൂടിൽ വരുന്ന കാര്യമല്ലെന്നും ഗവർണർ പറഞ്ഞു.
ഓഗസ്‌റ്റ് 1 മുതൽ എടുക്കുന്ന പുതിയ ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകൾക്കാണ് ഇത് ബാധകം. മെട്രോ/ നഗരമേഖലകളിലെ അക്കൗണ്ടുകളെങ്കിൽ പ്രതിമാസ മിനിമം ബാലൻസ് ശരാശരി 10,000 രൂപ വേണമെന്ന വ്യവസ്‌ഥ ഒറ്റയടിക്ക് 50,000 രൂപയാക്കി. സെമി അർബൻ ശാഖകളിലെ അക്കൗണ്ടുകളുടേത് 5,000 രൂപയിൽ നിന്ന് 25,000 രൂപയായും റൂറൽ ബ്രാഞ്ചുകളിലേത് 2,500 രൂപയായിരുന്നത് 10,000 രൂപയാ ക്കി ഉയർത്തുകയും ചെയ്തു. ഇത്രയും തുക പ്രതിമാസം സൂക്ഷിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും.