ക്ഷേത്ര ജീവനക്കാര്‍ക്ക് ആശ്വാസം, മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത


തിരുവനന്തപുരം :- മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും അനുവദിക്കും. ഉത്സവബത്ത നല്‍കാന്‍ മതിയായ വരുമാനം ഇല്ലാത്ത ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കും.

ക്ഷേത്ര ജീവനക്കാര്‍ക്ക് മലബാര്‍ ദേവസ്വം മാനേജ്മെന്റ് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ബാക്കിയുള്ള ശമ്പളം പരമാവധി കൊടുത്തുതീര്‍ക്കാന്‍ ഗ്രാന്റ്-ഇന്‍-എയ്ഡില്‍ രണ്ടാം ഗഡുവായി 5,22,93,600 രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ശമ്പള കുടിശ്ശികക്ക് പുറമെ ഉത്സവബത്ത അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക യോഗം ചേര്‍ന്ന് തനത് ഫണ്ടില്‍നിന്ന് അഞ്ചു കോടി രൂപ കൂടി അനുവദിക്കുകയായിരുന്നു.

മലബാര്‍ ദേവസ്വം ബോര്‍ഡ് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഡി എ സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായി 15 ശതമാനത്തില്‍നിന്ന് 18 ശതമാനം ആയി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സൂപ്പര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കുളള ഡി.എയും ഇതേ നിരക്കില്‍ വര്‍ധിപ്പിച്ചു. ഒന്ന് മുതല്‍ നാല് വരെ ഗ്രേഡുകളിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ഡി.എ 19 ശതമാനത്തില്‍നിന്ന് 23 ആയും ഉയര്‍ത്തി. മലബാര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാര്‍ക്കും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കുമുള്ള ഉത്സവബത്ത 1,500ല്‍നിന്ന് 1,750 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.



 

Previous Post Next Post