കണ്ണൂർ:-സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള കലാപരിപാടികൾക്ക് കണ്ണൂർ ടൗൺ സ്‌ക്വയറിൽ തുടക്കമായി. പഴയകാല ഗാനങ്ങൾ കോർത്തിണക്കി കലാഭവൻ ദിൽന അവതരിപ്പിച്ച സ്മൃതിതൻ ചിറകിലേറി, ചെമ്പൈ സംഗീത ഭവൻ കണ്ണൂരിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പുഷ്പ പ്രഭാകർ അവതരിപ്പിച്ച സംഗീത കച്ചേരി, മൈത്രി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പയ്യന്നൂർ അവതരിപ്പിച്ച ചരടുകുത്തി കോൽക്കളി, പാലാപ്പള്ളി തിരുപ്പള്ളി ഫെയിം അതുൽ നറുകര നയിച്ച ഫോക്ക് സന്ധ്യ എന്നിവ ബുധനാഴ്ച അരങ്ങേറി. ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ നാലിന് വൈകിട്ട് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാ താരം പി പി കുഞ്ഞി കൃഷ്ണൻ, ബാലതാരവും ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിമുമായ റാനിയ റഫീക്ക് എന്നിവർ വിശിഷ്ടാതിഥികളാകും. തുടർന്ന് സിനിമാ താരം ശ്രുതി ലക്ഷ്മി അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ്, അരങ്ങ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരം- മുടിയാട്ടം, കാളകളി, പരുന്താട്ടം തുടങ്ങിയവയും യങ് സ്റ്റാർ കണ്ണൂർ അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ എന്നിവ അരങ്ങേറും. ഒൻപത് വരെയാണ് കലാപരിപാടികൾ അരങ്ങേറുന്നത്.