കാസർഗോഡ് :- താത്പര്യമുള്ള ലൈസൻസികൾക്ക് റേഷൻകടകളുടെ ഇടവേളയായ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാലുവരെ കെ-സ്റ്റോറുകൾ വഴി റേഷൻ ഒഴികെയുള്ള സാധനങ്ങൾ വിൽക്കാൻ അനുമതി. ഇ പോസ് മെഷീൻ ഓഫ് ചെയ്തുവേണം ഈ സമയം കെ-സ്റ്റോർ സാധനങ്ങൾ വിൽക്കാൻ. റേഷൻകടകളുടെ പശ്ചാത്തലസൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പദ്ധതിയാണ് കെ-സ്റ്റോർ (കേരള സ്റ്റോർ).
രാവിലെ 8 മണി മുതൽ 12 വരെയും വൈകുന്നേരം നാലു മുതൽ 7 മണി വരെയുമാണ് റേഷൻകടകളുടെ സമയം. 12 മുതൽ നാലുവരെയുള്ള ഇടവേള സമയത്ത് റേഷൻകടകൾ പൂട്ടുകയാണ് പതിവ്. ഇതോടെ കെ-സ്റ്റോറിലെ മറ്റു സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ലഭിക്കാതെ വരും. ഈ സാഹചര്യത്തിലാണ് ന്യായവിലക്കടകളുടെ ഇടവേളയിലും ഇ-പോസ് മെഷീൻ ഓഫ് ചെയ്തുവെച്ച് സാധനങ്ങൾ വിൽക്കാൻ അനുമതി നൽകുന്നത്.
കെ-സ്റ്റോർ വഴി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരു ടെ (എംഎസ്എംഇ) ഉത്പന്നങ്ങൾ വിൽക്കാനുള്ള സാധ്യത പരിശോധിക്കാൻ താലൂക്ക്‌തല സമിതി രൂപവത്കരിക്കും. വ്യവസായ വകുപ്പിൽ നിന്നുള്ള അഡീഷണൽ ഡിസ്ട്രിക്ട് ഇൻഫർമാറ്റിക്സ് ഓഫീസറും താലൂക്ക് സപ്ലൈ ഓഫീസറുമാണ് സമിതിയിലുണ്ടാകുക. മേൽനോട്ടം വഹിക്കാൻ വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടറും റേഷനിങ് കൺട്രോളറും ഉൾപ്പെടുന്ന ഉന്നതതല സമിതിയുമുണ്ടാകും.
തദ്ദേശസ്ഥാപനങ്ങളിലെ സംരംഭകസഭയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രതിനിധിയെയും കെ-സ്റ്റോർ ലൈസൻസിയെയും ഉൾപ്പെടുത്താനും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുമതി നൽകി. കെ-സ്റ്റോർ വഴി വിൽക്കുന്ന സാധനങ്ങൾക്ക് ബില്ലിങ് സംവിധാനവുമേർപ്പെടുത്താനും അനുമതി നൽകിയിട്ടുണ്ട്.