ട്രെയിനുകളിലെ ആഹാരവിതരണത്തിൽ ശുചിത്വമില്ല ; വ്യാപക പരാതിയുമായി യാത്രക്കാർ


കണ്ണൂർ :- തീവണ്ടിയിൽ വിൽക്കുന്ന ആഹാരസാധനങ്ങൾക്ക് ശുചിത്വമില്ലെന്ന് പരാതി. ചായ വിൽക്കുന്ന പാത്രങ്ങളും പേപ്പർഗ്ലാസും വെക്കുന്നത് ശൗചാലയത്തിനരികെ. മാലിന്യക്കൊട്ടയും അതിനടുത്തുണ്ട്. ശനിയാഴ്ച രാവിലെ മംഗളൂരു-താംബരം എക്സ്പ്സിൽ ഏറെസമയം ചായപ്പാത്രങ്ങൾ വൃത്തിയില്ലാതെ വെച്ചിരിക്കുകയായിരുന്നു. യാത്രക്കാർ ചോദ്യം ചെയ്തപ്പോൾ വില്പനക്കാർ എടുത്തുകൊണ്ടുപോയി.

കൈയുറ ധരിക്കാതെയാണ് പല വണ്ടികളിലും പലഹാരങ്ങൾ നൽകുന്നത്. ടിഷ്യൂപേപ്പറോ പ്ലക്കറോ ഇല്ല. അതിനാൽ യാത്രക്കാർ പലരും ഭക്ഷണം വേണ്ടെന്നു വെക്കുകയാണ്. ഒരു ചായ കുടിക്കാമെന്ന് വിചാരിച്ചാൽ പോലും ഇതാണ് സ്ഥിതിയെന്ന് യാത്രക്കാർ പറയുന്നു. തുറന്നുവെച്ച പാത്രത്തിൽ തന്നെയാണ് ഇപ്പോഴും തീവണ്ടിയിലെ ആഹാരവിൽപ്പന. ശീതളപാനീയം ഇപ്പോഴും പല വണ്ടികളിലും തണുപ്പിക്കുന്നത് ബക്കറ്റിലെ ഐസിട്ട വെള്ളത്തിലാണ്. 

തീവണ്ടികളിൽ നൽകുന്ന ആഹാരത്തെക്കുറിച്ചുള്ള അഭിപ്രായവും പ്രശ്നവും ഐആർസിടിസി സൈറ്റിലൂടെ അറിയിക്കാമെന്ന് റെയിൽവേ പറയുന്നുണ്ട്. എന്നാൽ പരാതിപ്പെട്ടാൽ പരിശോധനയോ തടയലോ ഇല്ലെന്നും യാത്രക്കാർ ചുണ്ടിക്കാട്ടുന്നു. കുപ്പിവെള്ളത്തിന് ഈടാക്കുന്ന വിലയിലും പരാതിയുണ്ട്. 15 രൂപയാണെന്ന് റെയിൽവേ പറയുന്നു. എന്നാൽ നേത്രാവതി എക്സ്പ്രസിൽ ഉൾപ്പെടെ 20 രൂപയാണ് വാങ്ങിക്കുന്നത്.

Previous Post Next Post