തിരുവനന്തപുരം :- വായിലുണ്ടാകുന്ന അസുഖങ്ങൾക്കും മുറിവുകൾക്കുമുള്ള ചികിത്സയിൽ നിർണായകമാകുന്ന കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞർ. വെളുത്തപാടുകൾക്കും (ല്യൂക്കോപ്ലാക്കിയ) മറ്റുമുള്ള മരുന്നിൻ്റെ പ്രയോഗം കൂടുത ൽസമയം നിലനിർത്തുന്നതിന് മരച്ചീനിമാവുകൊണ്ട് നിർമിക്കുന്ന പാച്ചാണ് (ചെറിയ ഫിലിമുകൾ പോലുള്ളവ) ശ്രീചിത്രയിലെയും കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തി(സിടിസിആർഐ)ലെയും ശാസ്ത്രജ്ഞരുടെ സംയുക്ത ഗവേഷണത്തിലൂടെ വികസിപ്പിക്കുന്നത്.
സിടിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എ.എൻ ജ്യോതി, ശ്രീചിത്ര ശാസ്ത്രജ്ഞൻ ഡോ. മനോജ് കോമത്ത് എന്നിവരാണ് പരീക്ഷണങ്ങൾക്കു പിന്നിൽ. സ്റ്റാർച്ചിൽ നിന്നുള്ള പാളികളുടെ നിർമാണം, എത്ര അളവ് മരുന്ന് ചേർക്കണം, ഉമിനീരിലേക്ക് ഇവ എങ്ങനെ അലിഞ്ഞുചേരും തുടങ്ങിയ കാര്യങ്ങൾ സിടിസിആർഐയിലാണ് ചെയ്യുന്നത്. ഇതിനുശേഷം വായിൽ ഇവ ഒട്ടിക്കുന്നത് സംബന്ധിച്ച പരീക്ഷണങ്ങൾ ക്കായി ശ്രീചിത്രയിലേക്ക് നൽകും. മരച്ചീനി അരച്ചുകിട്ടുന്ന സ്റ്റാർച്ചിൽ നിന്നാണ് വായിൽ ഒട്ടിച്ചു വെക്കാവുന്ന പ്ലാസ്റ്റർ പോലെയുള്ള പാച്ച് നിർമിക്കുന്നത്. ഇത് വായിലെ അർബുദചികിത്സയിലും സഹായകമാവും.
രണ്ടുമണിക്കൂറോളം വായ്ക്കുള്ളിൽ ഒട്ടിയിരിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി. ഇവ ഉള്ളിലിരിക്കുന്നത് രോഗിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാക്കില്ല. വായ് കഴുകുമ്പോഴും ഇളകിപ്പോകില്ല. അഥവാ വയറിലേക്കുപോയാൽ മരിച്ചീനിച്ചേരുവയായതിനാൽ ഹാനികരമല്ല.
ഓയിൻമെന്റുകൾ, സ്പ്രേകൾ, മൗത്ത് വാഷുകൾ എന്നിവ വായിൽ അധിക സമയം നിലനിൽക്കാറില്ല. മരുന്നുകൾ മണിക്കൂറുകളോളം നിൽക്കാൻ സെല്ലുലോസ് ഫൈബർ പോലുള്ളവ ഉപയോഗിച്ചുള്ള ചില പാച്ചുകൾ നിലവിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ചെലവ് കൂടുതലാണ്.