ദില്ലി :- നേപ്പാളിൽ പ്രക്ഷോഭത്തിനിടെ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ രാജേഷ് ദേവി സിങ് ഗോലയാണ് മരിച്ചത്. 57 വയസായിരുന്നു പ്രായം. നേപ്പാൾ തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ ഒരു ഹോട്ടലിലായിരുന്നു ഇവരുണ്ടായിരുന്നത്. ഈ ഹോട്ടലിന് പ്രതിഷേധക്കാർ തീയിട്ടപ്പോൾ ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
ഭർത്താവിനൊപ്പം നേപ്പാൾ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. ഇതിനിടെയാണ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. കാഠ്‌മണ്ഡുവിലെ ഹയാത്ത് റീജൻസി ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഈ ഹോട്ടലിനാണ് പ്രതിഷേധക്കാർ തീയിട്ടത്. സെപ്തംബർ ഒൻപതിന് രാത്രിയാണ് സംഭവം നടന്നതെന്നാണ് വിവരം. ഈ ഹോട്ടലിൽ ആക്രമണം നടക്കുമ്പോൾ നാലാം നിലയിലായിരുന്നു രാജേഷ് ദേവി സിങ് ഗോലയും ഭർത്താവ് രംവീർ സിങ് ഗോലയും ഉണ്ടായിരുന്നത്. തീപിടിച്ച ഹോട്ടലിൽ നിന്ന് കിടക്കവിരി ഉപയോഗിച്ച് കയറുണ്ടാക്കി ജനാല വഴി താഴേക്കിറങ്ങാൻ ശ്രമിക്കുമ്പോൾ പിടിവിട്ട് താഴെ വീണാണ് മരണം സംഭവിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.