കൊച്ചി :- കേന്ദ്രസർക്കാർ പുറത്തു വിട്ട ഓഗസ്‌റ്റിലെ ചില്ലറ വിലക്കയറ്റത്തോതിൻ്റെ കണക്കിലും കേരളം ഒന്നാമത്. മാസങ്ങളായി രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുകയാണ്. രണ്ടാംസ്ഥാനത്തുള്ള കർണാടകയിൽ ചില്ലറ വിലക്കയറ്റത്തോത് 3.81 ശതമാനമുള്ളപ്പോൾ കേരളത്തിൽ 9.04 ശതമാനമാണ്. മൂന്നാംസ്ഥാനത്തുള്ള ജമ്മു & കശ്മീരിൽ 3.7%, നാലാംസ്ഥാനത്തുള്ള പഞ്ചാബിൽ 3.51% എന്നിങ്ങനെയാണ് വിലക്കയറ്റത്തോത്. ബാക്കി എല്ലാം സംസ്ഥാനങ്ങളിലും വിലയെ അടിസ്ഥാനമാക്കിയുള്ള ഓഗസ്റ്റിലെ വിലക്കയറ്റത്തോത് 3 ശതമാനത്തിൽ താഴെയാണ്.
അസം, ഒഡീഷ തുടങ്ങി ചില സംസ്ഥാനങ്ങളിൽ ഇതു നെഗറ്റീവിലുമാണ്. ഇത്തവണയും കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ വിലക്കയറ്റത്തോത് രണ്ടക്കത്തിലാണ്, 10.5%. നഗരമേഖലയിൽ 7.19%. രാജ്യത്തെ ആകെ ചില്ലറവിലക്കയറ്റത്തോതിൽ കഴിഞ്ഞമാസം വർധന രേഖപ്പെടുത്തി. 2.07 ശതമാനമാണു നിരക്ക്. പച്ചക്കറികൾ, മത്സ്യം, മാംസം, മുട്ട, ഭക്ഷ്യ എണ്ണകൾ തുടങ്ങിയവയുടെ വില ഉയർന്നതാണ് മാസങ്ങളിലായി താഴേക്കായിരുന്ന വിലക്കയറ്റത്തോത് ഉയരാനുള്ള കാരണം. ജൂലൈയിൽ 1.61 ശതമാനമായിരുന്നു നിരക്ക്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ വിലക്കയറ്റത്തോത് 3.65 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റത്തോതിൽ നേരിയ കുറവുണ്ട്.