തിരുവനന്തപുരം :- അഴിമതിയിൽ പരാതിപ്പെടാനായി ഇനി വാട്‌സാപ്പിനെയും ഫോണിനെയും മാത്രം ആശ്രയിക്കേണ്ട. പരാതി നൽകുന്നത് ആരാണെന്ന് തിരിച്ചറിയാനാകാതെതന്നെ അഴിമതി അറിയിക്കാനായി സർക്കാർ സേവന പോർട്ടലുകളിൽ അഴിമതിവിരുദ്ധ ആപ്ലിക്കേഷൻ വരും. സർക്കാരിൻ്റെ നയപരമായ തീരുമാനം ലഭിച്ചാൽ ഒക്ടോബർ അവസാനത്തോടെ ഇതു നടപ്പാകും. എല്ലാ സർക്കാർ വകുപ്പുകളുടെയും സേവന പോർട്ടലുകളിൽ വിജിലൻസിന് പരാതി നൽകാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. പോർട്ടലുകളിൽ നൽകുന്ന പ്രത്യേക ടാബിൽ ക്ലിക്ക് ചെയ്താൽ പരാതി നൽകാനുള്ള പോർട്ടലിലേക്ക് പോകുന്ന സംവിധാനമാകും സജ്ജമാക്കുക.
ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്ന് കൈക്കൂലിയു മായി ബന്ധപ്പെട്ട ദുരനുഭവമുണ്ടായെങ്കിൽ ഈ പേജിലൂടെ വിജിലൻസിനെ അറിയിക്കാ വീഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ അപ്‌പ്ലോഡ് ചെയ്യാനുള്ള സംവിധാനവുമുണ്ടാകും. പരാതിക്കാരൻ്റെ പേരും വിവരങ്ങളും ഉൾപ്പെടെയോ അല്ലെങ്കിൽ അവ വെളിപ്പെടുത്താതെയോ പരാതി നൽകാനാകുമെന്നതായിരിക്കും ഇതിൻ്റെ പ്രത്യേകത. രജിസ്റ്റർചെയ്തിട്ടുള്ള ഏതെങ്കിലും വകുപ്പിൻ്റെ സേവന പോർട്ടലിൽ നിന്നാണ് പരാതി പേജിലേക്ക് എത്തുന്നതെങ്കിലും പരാതിക്കാരന് അജ്ഞാതനായി തുടരാനുമാകും. എല്ലാ സർക്കാർ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ നൽകാനാകുന്ന ഏകീകൃത പോർട്ടൽ സംവിധാനം സജ്ജമായാൽ അതിലും ഇത് ഒരു ഘടകമായി ഉണ്ടാകും. പോർട്ടലുകൾ വഴി ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നത് വിജിലൻസായിരിക്കും. ഇക്കാര്യങ്ങൾ ഉൾപ്പെടെയുള്ളവ സംബന്ധിച്ച് ഐടി മിഷൻ അധികൃതർ മുഖ്യമന്ത്രിയെയും ഉയർന്ന ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തി ക്കഴിഞ്ഞു. വിജിലൻസ് മേധാവിയുമായും മറ്റും നടത്തുന്ന ചർച്ചകൾക്കുശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.