കണ്ണൂർ :- പയ്യന്നൂരിൽ തേങ്ങ കള്ളനെതിരെ കേസ്. കണ്ണൂർ പയ്യന്നൂർ കോറോമിൽ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി അരലക്ഷം രൂപയുടെ തേങ്ങയും അടയ്ക്കയും മോഷ്‌ടിച്ചയാൾക്കെതിരെ കേസെടുത്തു. കോറോം സ്വദേശി തമ്പാനെതിരെയാണ് കേസ്. പ്രതി വീട്ടിൽ നിന്നും തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ താമസിക്കുന്ന കോറോം സ്വദേശിയുടെ വീട്ടിലാണ് കവർച്ച നടന്നത്. നാല് മാസം മുൻപാണ് തമ്പാൻ ജയിലിൽ നിന്നിറങ്ങിയത്.
ആഗസ്റ്റ് മാസം മുതലാണ് വീട്ടുപറമ്പിൽ കയറി പല തവണയായി തമ്പാൻ തേങ്ങ മോഷ്ടിച്ചത്. തേങ്ങയും അടയ്ക്കയുമെല്ലാം ചാക്കുകളിലാക്കി കടന്നുകളയുകയായിരുന്നു. വീടിന്റെ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവികളിൽ മോഷണ ദൃശ്യങ്ങളെല്ലാം പതിഞ്ഞു. ബെംഗളൂരുവിലിരുന്ന് വീട്ടുടമ എല്ലാം കണ്ടു. തുടർന്ന് തെളിവു സഹിതം മെയിലിൽ പരാതി അയച്ചു. തുടർന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.