പൾസ് പോളിയോ ; ജില്ലയിൽ തുള്ളിമരുന്ന് നൽകിയത് 1.35 ലക്ഷം കുട്ടികൾക്ക്


കണ്ണൂർ :- പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 1,35,295 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയിൽ അഞ്ചുവയസ്സിൽ താഴെയുള്ള 1,60675 കുട്ടികൾക്ക് പോളിയോ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 84.2 ശതമാനം പേർക്കാണ് പോളി യോദിനത്തിൽ നൽകാനായത്. ശേഷിക്കുന്ന കുട്ടികൾക്ക് ഒക്ടോബർ 13, 14 ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി തുള്ളിമരുന്ന് നൽകും. ജില്ലാതല ഉദ്ഘാടനം മുഴപ്പാല സ്വദേശിനി നിഖിഷയുടെ മകൻ രണ്ടുവയസ്സുള്ള നിർവികിന് പോളിയോ മരുന്ന് നൽകി കെ.വി സുമേഷ് എംഎൽഎ നിർവഹിച്ചു. ജില്ലാ ആസ്പത്രിയിൽ നടന്ന പരിപാടിയിൽ ഡിഎംഒ ഡോ.പിയൂഷ് എം നമ്പൂതിരിപ്പാട് അധ്യക്ഷനായി.

ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിലാണ് ബൂത്തുകൾ ക്രമീകരിച്ചിരുന്നത്. പൾസ് പോളിയോ ദിനത്തിൽ വാക്‌സിൻ ലഭിക്കാത്ത അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ വൊളൻ്റിയർമാരും ആരോഗ്യപ്രവർത്തകരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.


Previous Post Next Post