ന്യൂഡൽഹി :- സ്മാർട്ട് ഫോൺ കയറ്റുമതി 180 കോടി ഡോളർ പിന്നിട്ട് പുതിയ റെക്കോർഡിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 100% വർധനയാണ് കയറ്റുമതിയിലുണ്ടായത്. 2024 സെപ്റ്റംബറിൽ 92.3 കോടി ഡോളറായിരുന്നു ഇന്ത്യയിൽ നിന്നുള്ള സ്മാർട് ഫോൺ കയറ്റുമതി. വാണിജ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. ഈ വർഷത്തെ ആകെ സ്മാർട്ഫോൺ കയറ്റുമതിയുടെ 75 ശതമാനവും ആപ്പിൾ ഐഫോണാണ്.
1000 കോടി ഡോളറിന്റെ ഐഫോണാണ് ഈ വർഷം ഇതുവരെ കയറ്റുമതി ചെയ്തത്. ഇന്ത്യയിൽ നിന്നുള്ള മൊത്തം ഇലക്ട്രോണിക്സ് കയറ്റുമതിയുടെ 61% സ്മാർട് ഫോണുകളാണ്. സ്മാർട് ഫോൺ കയറ്റുമതിയുടെ അടിസ്ഥാനത്തിൽ, രാജ്യത്തെ ഇലക്ട്രോണിക്സ് കയറ്റുമതി 2026 സാമ്പത്തിക വർഷത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 2220 കോടി ഡോളറിലെത്തിയതായും വാണിജ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
