വാഷിംഗ്ടൺ :- യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 1992 മുതൽ അമേരിക്ക സ്വമേധയാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടാണ് ഈ അമ്പരപ്പിക്കുന്ന നയപരമായ മാറ്റം. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളുമായി ഒപ്പമെത്തേണ്ടതിന്‍റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. ഈ രണ്ട് രാജ്യങ്ങളും പരീക്ഷണ ശേഷി വർധിപ്പിക്കുമ്പോൾ യുഎസ് കയ്യും കെട്ടി നോക്കി നിന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ട്രംപ് തന്‍റെ തീരുമാനം അറിയിച്ചത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ യുഎസിനുണ്ട്. റഷ്യ രണ്ടാമതാണ്, ചൈന വളരെ പിന്നിലാണെങ്കിലും അഞ്ച് വർഷത്തിനുള്ളിൽ ഒപ്പമെത്തുമെന്ന് ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പരീക്ഷണ പരിപാടികൾ കാരണം, തുല്യമായ അടിസ്ഥാനത്തിൽ നമ്മുടെ ആണവായുധങ്ങൾ പരീക്ഷിക്കാൻ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് വാറിന് (യുദ്ധവകുപ്പ്) ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആ പ്രക്രിയ ഉടൻ ആരംഭിക്കും. തന്‍റെ ആദ്യ ഭരണകാലത്ത് അമേരിക്കയുടെ ആണവായുധ ശേഖരത്തിൽ നടത്തിയ പൂർണ്ണമായ നവീകരണത്തിന്‍റെയും പുനരുദ്ധാരണത്തിന്‍റെയും ക്രെഡിറ്റും ട്രംപ് അവകാശപ്പെട്ടു. "ഭയങ്കരമായ വിനാശകരമായ ശക്തി കാരണം, ഇത് ചെയ്യാൻ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല, പക്ഷേ മറ്റ് വഴിയുണ്ടായിരുന്നില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
