കണ്ണൂര്‍ :- സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ക്കിങ്ങും ഗ്രൗണ്ട് ഫ്‌ളോറും ഉള്‍പ്പെടെ 7 നിലയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വലിപ്പം കൊണ്ട് രാജ്യത്തെ സിപിഐഎമ്മിന്റെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമാണ് കണ്ണൂരിലേത്. ആധുനിക സജ്ജീകരണങ്ങള്‍ എല്ലാം ഉള്‍പ്പെട്ട കെട്ടിടമാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത്. 25 കോടി രൂപ ചെലവഴിച്ചാണ് ഓഫീസിന്റെ നിര്‍മ്മാണം.
ഓഫീസും സെക്രട്ടറിയേറ്റ്-ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരാനുള്ള പ്രത്യേകം മുറികളും സ്റ്റുഡിയോ ഉള്‍ക്കൊള്ളുന്ന നവമാധ്യമ മുറിയും 500 പേരെ ഉള്‍ക്കൊള്ളാവുന്ന എകെജി സ്മാരക ഹാളും ഉള്‍പ്പെട്ടതാണ് കെട്ടിടം. പഴയ ഓഫീസ് കെട്ടിടത്തിന്റെ അതേ മാതൃകയിലാണ് മുന്‍ വശത്ത് നിന്നുള്ള കാഴ്ച. പഴയ മരത്തടികളും പുതിയ ഓഫീസ് കെട്ടിടത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിണറായിയില്‍ ഓടിട്ട വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ കേരളത്തിലെ സിപിഐഎമ്മിന്റെ എല്ലാ കാലത്തെയും ശക്തി കേന്ദ്രമാണ് കണ്ണൂര്‍. അതേ പ്രൗഢിയോടെയും പ്രതാപത്തോടെയുമാണ് പുതിയ ഓഫീസ് കെട്ടിടത്തിന്റെയും നിര്‍മ്മാണം.