കണ്ണൂർ :- വിദ്യാലയങ്ങളിലെ പരിശോധനയുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മിഷൻ്റെ ഉത്തരവുകൾ തെറ്റിദ്ധരിക്കപ്പെടുന്നതായി ചെയർമാൻ കെ.വി മനോജ്‌കുമാർ. വിദ്യാർഥികളുടെ ബാഗ് അധ്യാപകർ പരിശോധിക്കുമ്പോൾ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കരുത്. മൊബൈൽ ഫോൺ കുട്ടികളിൽ നിന്ന് കണ്ടെടുത്താൽ രക്ഷിതാക്കളെ അറിയിച്ചുതിരിച്ചുനൽകേണ്ട ഉത്തരവാദിത്തം അധ്യാപകരുടേതാണ്.
എന്നാൽ പലയിടത്തും അതു വിറ്റ് പിടിഎ ഫണ്ടിലേക്ക് സ്വരുക്കൂട്ടുന്ന സ്‌ഥിതിയുണ്ടെന്ന് ചെയർമാൻ പറഞ്ഞു. ധർമടം സംസ്ഥാനത്തെ ആദ്യ ബാലസൗഹൃദ നിയോജക മണ്ഡലം എന്ന ലക്ഷ്യത്തിനായി മണ്ഡലത്തിലെ സർക്കാർ, എയ്‌ഡഡ് സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.