തിരുവനന്തപുരം :- സ്കൂൾ മാറുമ്പോൾ കുട്ടികളുടെ തുടർപഠനത്തിന് രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്നത് പൊതുവിദ്യാലയങ്ങളെന്ന് കണക്കുകൾ. എൽ.പി പഠനം കഴിഞ്ഞ് യുപിയും അതിനുശേഷം ഹൈസ്കൂളും തിരഞ്ഞെടുക്കുമ്പോഴാണ് ഈ ചുവടുമാറ്റം. രണ്ടുവർഷത്തെ കണക്കിൽ അഞ്ചാം ക്ലാസിലേക്ക് ശരാശരി 6500 പേരും എട്ടാംക്ലാസിൽ ശരാശരി 9000 പേരും സ്വകാര്യ സ്കൂളിൽ നിന്ന് പൊതുവിദ്യാലയങ്ങളിൽ ചേർന്നെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ കണക്ക്.
സ്വകാര്യസ്കൂളുകളിലെ ഉയർന്ന ഫീസിനുപുറമേ, പൊതുവിദ്യാലയങ്ങളിലെ മെച്ചപ്പെട്ട അന്തരീക്ഷവും കാരണമാണെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങളുടെ വിശദീകരണം. രണ്ടുമുതൽ 10 വരെ ക്ലാസുകളെടുത്താൽ അഞ്ചിലും എട്ടിലും മാത്രമാണ് കൂടുതൽ. അതായത്, എൽ.പിയും യു.പിയും കഴിയുമ്പോഴാണ് സ്കൂൾമാറ്റമെന്നു വ്യക്തം. മറ്റു ക്ലാസുകളിൽ ശരാശരി 1500-2500 കുട്ടികളേ പൊതുവിദ്യാലയങ്ങളിലേക്കു മാറിയിട്ടുള്ളൂ. അതേസമയം, കഴിഞ്ഞ അധ്യയനവർഷത്തെക്കാൾ ഈ വർഷം പൊതുവിൽ കുട്ടികൾ കുറഞ്ഞിട്ടുണ്ട്. അതനുസരിച്ച്, സ്വകാര്യസ്കൂളുകളിൽ എണ്ണം കൂടിയിട്ടുമില്ല. ജനനനിരക്കിലെ കുറവ് പ്രതിഫലിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് കണക്കുകൾ.