തിരുവനന്തപുരം :- കാൻസർ ബാധിതർക്കു ചികിത്സാ ആവശ്യത്തിനു സൗജന്യയാത്ര അനുവദിക്കുന്നതിനൊപ്പം കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ റിസർവേഷനും സൗകര്യമൊരുക്കും. വൈകാതെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങും. കാൻസർ ചികിത്സാ ആവശ്യത്തിനായി യാത്ര ചെയ്യുന്നവർക്ക് സൂപ്പർ ഫാസ്‌റ്റ് വരെയുള്ള എല്ലാ ബസിലും സൗജന്യയാത്ര അനുവദിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഭൂരിഭാഗം ദീർഘദൂര ബസുകളിലും ഓൺലൈൻ റിസർവേഷൻ ഉള്ളതിനാൽ യാത്രാസൗജന്യമുള്ളവർക്ക് സീറ്റ് ലഭിക്കാൻ പ്രയാസം നേരിട്ടേക്കും എന്നതു പരിഗണിച്ചാണ് മാർഗനിർദേശം തയാറാക്കുന്നത്. ഓൺലൈൻ റിസർവേഷനിൽ കാൻസർ ചികിത്സയ്ക്കാണു യാത്രയെന്നു രേഖപ്പെടുത്താനുള്ള ഓപ്ഷൻ നൽകും. ചികിത്സ സംബന്ധിച്ച ഏതൊക്കെ രേഖകളാണ് യാത്രയിൽ കൈവശം കരുതേണ്ടത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗരേഖ തയാറാക്കിയ ശേഷം ഉത്തരവ് പുറത്തിറങ്ങും.