തിരുവനന്തപുരം :- എൽഡിഎഫ്, യുഡിഎഫ് എതിർപ്പിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് തുടക്കം. സംസ്ഥാനത്തെ എസ്ഐആർ ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. രാജ് ഭവനിലാണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണം തുടങ്ങിയത്. എല്ലാവരും സഹകരിക്കണമെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സമഗ്രവും കൃത്യവും ആയ പട്ടിക വഴി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സാധ്യമാകണമെന്നും ഗവർണർ പറഞ്ഞു. അതേ സമയം എസ്ഐആർ ജനാധിപത്യ വിരുദ്ധ നീക്കമെന്ന് പ്രീയങ്ക ഗാന്ധി വിമർശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഗവർണർക്ക് എന്യൂമറേഷൻ ഫോം നൽകുകയും നടപടികൾ വിശദീകരിക്കുകയും ചെയ്തു.
തുടർ നടപടികൾ തീരുമാനിക്കാൻ ബുധനാഴ്ച സർക്കാർ വിളിച്ച സർവകക്ഷി യോഗം ചേരാനിരിക്കുമ്പോഴും എസ്ഐആർ നടപ്പാക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ പൊലീസ് മേധാവിക്കും വകുപ്പ് സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. ഇന്നലെ ചേർന്ന അവലോകന യോഗത്തിലാണ് നിർദ്ദേശിച്ചത്. എസ്ഐആർ നടപടികൾക്കുള്ള പൊലീസ് സഹായം, കുടിയേറ്റ തൊഴിലാളികളെ കണ്ടെത്തൽ, സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കൽ തുടങ്ങിയവ ചർച്ചയായി. പരിശീലനം കഴിഞ്ഞ് ചൊവ്വാഴ് മുതൽ ബിഎൽഒമാർ എന്യൂമറേഷൻ ഫോമുമായി വീടുകളിലെത്തും.
