ന്യൂഡൽഹി :- അർബുദമുൾപ്പെടെ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് ഭക്ഷണസാധനങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കവറുകൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തുന്നു. പെർഫ്ലൂറോ ആൽക്കൈൽ പദാർഥങ്ങൾ (പിഎഫ്എഎസ്) എന്ന രാസവസ്തുക്കളുടെ സാന്നിധ്യമുള്ള കവറുകളാണ് ആദ്യഘട്ട നിയന്ത്രണങ്ങളിലുൾപ്പെടുന്നത്.ഒപ്പം, പോളികാർബണേറ്റ്, എപ്പോക്സിറെസിനുകൾ എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന പാക്കിങ് സാധനങ്ങൾ ബിസ്ഫെനോൾ എ (ബിപിഎ) മുക്തമായിരിക്കണമെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റിയുടെ (എഫ്എസ്എ സ്എഐ) നിർദേശത്തിലുണ്ട്.
ഇതു സംബന്ധിച്ച കരട് മാർഗരേഖ എഫ്എസ്എസ്എഐ പുറത്തിറക്കി. 60 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാം. ഇ-മെയിൽ regulation@fssai.gov.in. രാസവസ്തുക്കൾ അടങ്ങിയ പാക്കിങ് കവറുകളിൽ സൂക്ഷിച്ച ചൂടുള്ള ഭക്ഷണം കഴിച്ചാൽ, ആ രാസവസ്തുക്കൾ ശരീരത്തിലെത്തുന്നു. ഇത് അർബുദത്തിനും കരൾ രോഗങ്ങൾക്കും പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമാകുമെന്ന് ലോകരോഗ്യ സംഘടന ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.