സംസ്‌ഥാനത്ത് മരണനിരക്കിൽ അമീബിക് മസ്തിഷ്കജ്വരം ആറാമത്, മരണ രോഗത്തിൽ ഒന്നാമത് എലിപ്പനി


തിരുവനന്തപുരം :- സംസ്‌ഥാനത്ത് സാംക്രമിക രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ അമീബിക് മസ്‌തിഷ്‌കജ്വരം ആറാം സ്‌ഥാനത്ത്. ആരോഗ്യ ഡയറക്ടറേറ്റ് തയാറാക്കിയ, 25 സാംക്രമിക രോഗങ്ങളുടെ പട്ടികയിലെ കണക്കാണിത്. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾകൂടി ഇന്നലെ മരിച്ചു. കൊല്ലം കടയ്ക്കൽ ആൽത്തറമൂട് രത്ന വിലാസത്തിൽ ബിജു (43) ആണു മരിച്ചത്. സ്വകാര്യ ആശു പത്രിയിൽ ചികിത്സയിലായിരുന്ന ബിജുവിനെ 2 ആഴ്ച‌ മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബിജു ഉപയോഗിച്ച ക്ഷേത്രക്കുളത്തിലും കിണർ വെള്ളത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കൊല്ലം പട്ടാഴി സ്വദേശി രാജി (48) മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഈ മാസം 4 പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചത്. ഈ മാസം 20 പേർക്കാണു രോഗബാധയുണ്ടായത്. ഈ വർഷം 108 പേർക്കു രോഗം ബാധിക്കുകയും 24 പേർ മരിക്കുകയും ചെയ്തു. മരണനിരക്കിൽ എലിപ്പനിയാണ് ഏറ്റവും മുന്നിൽ. ഈ വർഷം ഇതുവരെ 296 പേർ എലിപ്പനി ബാധിച്ചു മരിച്ചു. മഞ്ഞപ്പിത്തം-72, ഡെങ്കിപ്പനി-56, ഇൻഫ്ലുവൻസ-40, പേവിഷ ബാധ-29 എന്നിങ്ങനെയാണു മറ്റു രോഗങ്ങൾ ബാധിച്ചുള്ള മരണങ്ങൾ.

Previous Post Next Post