കണ്ണൂർ :- തെരുവുനായ്ക്കൾക്കു റോഡരികിൽ ഭക്ഷണം നൽകുന്നതു വിലക്കി മനുഷ്യാവകാശ കമ്മിഷൻ. ബർണശ്ശേരി സ്വദേശി ആലിസ് നൽകിയ പരാതിയിലാണ് കമ്മിഷൻ നിർദേശം. സമീപവാസി റോഡരികിൽ ഭക്ഷണം നൽകുന്നതു കാരണം തെരുവു നായ്ക്കൾ കൂട്ടമായെത്തുന്നതായും അക്രമകാരികളാകുന്നതായും പരാതിക്കാരി ചൂണ്ടിക്കാട്ടി.
പൊതുജനത്തിനു പ്രയാസമുണ്ടാക്കുന്നതിനാൽ, തെരുവുനായ്ക്കൾക്ക് പൊതുസ്‌ഥലത്തു ഭക്ഷണം നൽകുന്നത് നിർത്തണമെന്നും ഷെൽറ്റർ സ്‌ഥാപിച്ച് നായ്ക്കൾക്ക് ഭക്ഷണം നൽകാമെന്നും സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് വ്യക്തമാക്കി. സിറ്റിങ്ങിൽ 82 കേസുകൾ പരിഗണിച്ചതിൽ 13 എണ്ണം തീർപ്പാക്കി. 6 കേസുകളിൽ ഉത്തരവ് പുറപ്പെടുവിച്ചു.
