ചേലേരി :- ചേലേരിമുക്കിലെ ബസ് സ്റ്റോപ്പിൽ നിന്നും വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതിൽ തണൽ സൗഹൃദ കൂട്ടായ്മ പ്രവർത്തകർ മയ്യിൽ പോലീസിൽ പരാതി നൽകി. നൂഞ്ഞേരി, ദാലിൽ, കാരയാപ്പ്, കയ്യങ്കോട് പ്രദേശങ്ങളിലെ നിരവധി വിദ്യാർത്ഥികളാണ് സ്കൂളിൽ പോകാൻ ഇവിടെ ബസ് കാത്തുനിൽക്കുന്നത്. ബസ് ജീവനക്കാർ കാണിക്കുന്ന ഇത്തരം പ്രശ്നങ്ങൾ കാരണം വിദ്യാർത്ഥികൾ സ്‌കൂളുകളിൽ വൈകി എത്തുന്നത് പതിവാക്കുകയാണ്.
ഇത്തരം പ്രവണതകൾ നടത്തുന്ന ബസുകൾക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ബസ് യാത്ര സുഗമമാക്കുന്നതിനാവശ്യമായ ശക്തമായ നടപടികൾ പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.
