കോഴിക്കോട് :- ദേശീയപാതയുടെ നിർമ്മാണ ജോലികൾ പൂർത്തിയാകുന്നതോടെ പരശുറാം എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള തീവണ്ടികളിലെ അനിയന്ത്രിതമായ തിരക്ക് സാധാരണ നിലയിലാവുമെന്ന് കരുതുന്നതായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. യാത്ര ഞെക്കി ഞെരുങ്ങി എന്ന തലക്കെട്ടിൽ പരശുറാം എക്സ്പ്രസിലെ യാത്രയെകുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷന്റെ നിരീക്ഷണം.
ദേശീയപാതാ നിർമ്മാണം കാരണം കോഴിക്കോട്-കണ്ണൂർ റൂട്ടിലും തിരിച്ചുമുണ്ടാകുന്ന ഗതാഗത കുരുക്ക് കാരണമാണ് പരശുറാം എക്സ്പ്രസിലെ അനിയന്ത്രിതമായ തിരക്കിന് കാരണമാകുന്നതെന്ന് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട്-കണ്ണൂർ പാതയിൽ, സ്ഥിരം യാത്രക്കാർക്ക് ട്രെയിൻ ഗതാഗതത്തിന് പകരം മറ്റ് ഗതാഗത സൗകര്യങ്ങൾ പരിമിതമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയപാതാനിർമ്മാണം കാരണം റോഡ് തടസപ്പെടുന്നതാണ് കാരണം.
2024 ജൂലൈ 2 മുതൽ ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ (06031/06032) റൂട്ടിൽ പുതിയ ട്രെയിൻ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. ഇത് രാവിലെയും വൈകിട്ടുമുള്ള തിരക്ക് നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. മംഗലാപുരം-കന്യാകുമാരി പരശുറാം എക്സ്പ്രസിന്റെ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച് 23 കോച്ചുകളാക്കി. ഇതിൽ 5 കോച്ചുകൾ മാത്രമാണ് റിസർവ്വ്ഡ്. ബാക്കിയുള്ളവ അൺറിസർവ്ഡ് (ജനറൽ) കോച്ചുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.