കണ്ണൂർ :- കടലിലെ അനുകൂല കാലാവസ്ഥയിൽ മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടിയെന്നും എന്നാൽ, തുടർ ഭക്ഷ്യലഭ്യതയിലെ കുറവ് അവയുടെ വളർച്ച മുരടിപ്പിച്ചെന്നും പഠനം. മൺസൂണിൽ കടലിന്റെ അടിത്തട്ടിലെ പോഷകസമൃദ്ധമായ ജലം മുകളിലേക്കുവന്നു (അപ് വെല്ലിങ്). അത് മത്തിക്കുഞ്ഞുങ്ങളുടെ (ലാർവ) പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങൾ പെരുകാനിടയാക്കി. അതോടെ ലാർവകളുടെ അതിജീവനം കൂടി. എന്നാൽ, അവ വിരൽ നീളത്തിലാകുമ്പോഴേക്കും ഭക്ഷ്യ ലഭ്യത കുറഞ്ഞത് വളർച്ച മുരടിച്ച് തൂക്കം കുറയാനിടയാക്കി.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. യു.ഗംഗയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യലഭ്യതയിൽ ഏറ്റക്കുറച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഓരോ മത്സ്യത്തിനും അനുയോജ്യമായ ഹ്രസ്വകാല മുന്നറിയിപ്പ് (ഫോർകാസ്റ്റ്) വേണമെന്നും പഠനം നിർദേശിക്കുന്നു. പ്രാദേശികമായി മത്സ്യബന്ധന നിയന്ത്രണം ഏർപ്പെടുത്തണം.
വലുപ്പമില്ലാതായതോടെ മത്തി വില കുത്തനെ ഇടിഞ്ഞു. പലരും മത്തിപിടിക്കുന്നത് നിർത്തി. വൻ തോതിൽ മത്തി കിട്ടിയവർക്ക് അത് കുറഞ്ഞ വിലയ്ക്ക് ജൈവവള നിർമാണത്തിനും മറ്റുമായി നൽകേണ്ടിയും വന്നു. മത്തിയുടെ ലഭ്യത 2012-ൽ നാലു ലക്ഷം ടൺ ആയിരുന്നു. 2021-ൽ അത് 3500 ടണ്ണായി കുറഞ്ഞു. എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി ശരാശരി പത്തു സെന്റീമീറ്റർ മാത്രമുള്ള കുഞ്ഞൻ മത്തി വൻതോതിൽ എത്തുകയാണ്.
.jpg)