മാഹി :- മാഹി സെയ്ന്റ് തെരേസ ബസിലിക്ക തീർഥാടന ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യ പുണ്യവതിയുടെ തിരുനാളിന് ഞായറാഴ്ച കൊടിയേറി. രാവിലെ 11.30-ന് റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് കൊടിയേറ്റത്തിന് കാർമികത്വം വഹിച്ചു. തുടർന്ന് 12-ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധ അമ്മത്രേസ്യയുടെ അദ്ഭുത തിരുസ്വരൂപം ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് പൊതുവണക്കത്തിനായി ദേവാലയമധ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചു. ഇതോടെ 22 വരെ യുള്ള 18 ദിവസത്തെ തിരുനാളിന് തുടക്കമായി.
തിരുനാൾ തുടക്കം വിളിച്ചറിയിച്ച് മയ്യഴി നഗരസഭാ ഓഫീസിൽ നിന്ന് പ്രത്യേക സൈറൺ മുഴങ്ങി. ബസിലിക്കയായതിന് ശേഷമുള്ള രണ്ടാമത്തെ തിരുനാളാണിത്. ഏറെ വർഷങ്ങൾക്ക് ശേഷം ഞായറാഴ്ച വന്നു ചേർന്ന തിരുനാൾ തുടക്കത്തിന് വൻ ഭക്തജനത്തിരക്കുണ്ടായി. മാതാവിന് പുഷ്പമാല്യം ചാർത്തുന്നതിനും തിരുസ്വരൂപ സന്നിധിയിൽ മെഴുകുതിരികൾ കൊളുത്താനും ആയിരങ്ങളാണ് ദേവാലയത്തിലെത്തിയത്. വൈകുന്നേരം ഫാ. ഡോ. ജെറോം ചിങ്ങന്തറയുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും അർപ്പിക്കപ്പെട്ടു.
തിങ്കളാഴ്ച രാവിലെ ദിവ്യബലി, വൈകുന്നേരം ആറിന് ഫാ.സനൽ ലോറൻസിൻ്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കും. ഫാ. റിജോയ് പാത്തിവയൽ സന്ദേശം നൽകും. ഒക്ടോബർ 12-ന് വൈകുന്നേരം ആറിന് കണ്ണൂർ രൂപതാ മെത്രാൻ ഡോഅലക്സ് വടക്കുംതല, 14-ന് തിരുനാൾ ജാഗരത്തിൽ വൈകീട്ട് 5.30-ന് കോഴിക്കോട് അതിരൂപതാ വികാരി ജനറാൾ ജെൻസൻ പുത്തൻവീട്ടിൽ, 15-ന് തിരുനാൾ ദിനത്തിൽ രാവിലെ 10.30-ന് കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ.വർഗീസ് ചക്കാലക്കൽ എന്നിവർ ആഘോഷമായ ദിവ്യബലി അർപ്പിക്കും. ഒക്ടോബർ 15-ന് വൈകീട്ട് മേരി മാതാ കമ്യൂണിറ്റി ഹാളിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സ്നേഹ സംഗമം നടക്കും. 22-ന് തി രുനാൾ സമാപനദിനത്തിൽ രാവിലെ 10.30-ന് കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും.
