കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പ്രവൃത്തി തുടങ്ങി. യാർഡിലും സ്റ്റേഷനിലും ഉയരവിളക്ക് സ്ഥാപിക്കാനുള്ള പണി തുടങ്ങി. കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലായി 10 വിളക്കുകളാണ് വരുന്നത്. യാർഡിൽ രണ്ടു വിളക്കുകൾ നേരത്തെ സ്ഥാപിച്ചിരുന്നു. വിവിധ സിവിൽ പ്രവൃത്തികളും തുടങ്ങി. സ്റ്റേഷന്റെ പുനർവികസനമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 31.28 കോടി രൂപയുടെതാണ് പദ്ധതി.
സ്റ്റേഷനിലെ ആറു മീറ്റർ വീതിയുള്ള മേൽനടപ്പാതയ്ക്ക് ടെൻഡർ ആയി. പ്രവൃത്തി ഉടൻ തുടങ്ങും. ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിലേക്കും പുറത്തേക്കുമാണ് പ്ലാറ്റ്ഫോം വരിക. നിലവിൽ രണ്ടു നടപ്പാത ആണ് സ്റ്റേഷനിൽ ഉള്ളത്. വരുമാനത്തിന്റെ കാര്യത്തിൽ കേരളത്തിൽ ആറാംസ്ഥാനത്തുള്ള സ്റ്റേഷനാണ് കണ്ണൂർ. യാത്രക്കാരിൽ അഞ്ചാമത്. 121 വണ്ടികൾ കണ്ണൂരിലൂടെ കടന്നുപോകുന്നു. യാത്രക്കാരിൽ വൻ വർധനയാണ് വർഷാവർഷം രേഖപ്പെടുത്തുന്നത്.
പാലക്കാട് ഡിവിഷനിൽ 16 സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ വരുന്നത്. ഇതിൽ വടകര, മാഹി എന്നിവ പൂർത്തിയായി. 11 സ്റ്റേഷനുകളിലെ പ്രവൃത്തികളും 80-90 ശതമാനം കടന്നു. എന്നാൽ കണ്ണൂരിൽ പ്രവൃത്തിനില പൂജ്യമായിരുന്നു. സ്റ്റേഷൻ വികസനത്തിന് സ്ഥലമില്ലാത്തത് അടക്കം തിരിച്ചടിയായി. . അനാവശ്യ/പഴയ കെട്ടിടങ്ങൾ മാറ്റി സ്ഥാപിക്കുകയും അതുവഴി സ്റ്റേഷൻ വികസനം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

