വണ്ടല്ലൂർ മൃഗശാലയിൽ സഫാരിക്കിറങ്ങിയ സിംഹത്തെ കാണാതായി ; ആറുവയസ്സുകാരൻ ഷേരുവിനായി ഡ്രോണുകൾ ഉപയോഗിച്ച് തെരച്ചിൽ


ചെന്നൈ :- വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് സിംഹത്തെ കാണാതായി. സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറ് വയസുള്ള സിംഹത്തെയാണ് കാണാതായത്. നാല് ദിവസമായി ഈ സിംഹത്തിനായി തെരച്ചിൽ നടത്തുകയാണ്. മൃഗശാലയുടെ പല ഭാഗങ്ങളിലായി ഡ്രോണുകളും തെർമൽ ഇമേജിങ് ക്യാമെറകളും ഉപയോഗിച്ച് തെരച്ചിൽ നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു. അരിജ്ഞർ അണ്ണാ മൃഗശാലയിലെ സിംഹത്തിന് വേണ്ടിയാണ് ദിവസങ്ങളായി തെരച്ചിൽ നടക്കുന്നത്. ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്ന് മൂന്ന വർഷങ്ങൾക്ക് മുൻപാണ് ഷേരു എന്ന സിംഹത്തെ കൊണ്ടുവന്നത്. വണ്ടല്ലൂരിൽ എത്തിച്ച ശേഷം ആദ്യമായാണ് ഷേരുവിനെ അധികൃതർ സഫാരി മേഖലയിലേക്ക് തുറന്ന് വിടുന്നത്. രാത്രി ഭക്ഷണം കഴിക്കാനുള്ള സമയമാകുമ്പോൾ തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ഷേരുവിനെ തുറന്നുവിട്ടത്. എന്നാൽ നാല് ദിവസം പിന്നിട്ടിട്ടും ഷേരു തിരിച്ചെത്തിയിട്ടില്ല.

മൃഗശാലയ്ക്കുള്ളിലെ 20 ഹെക്ടർ വരുന്ന സ്വാഭാവിക വനഭൂമിയുള്ള പ്രദേശത്താണ് സഫാരി നടക്കുന്ന. ഇവിടെ തുറന്നുവിട്ട മൃഗങ്ങളെ കാഴ്ചക്കാർക്ക് അടുത്ത് കാണാനാകുന്ന തരത്തിലാണ് സഫാരി ഒരുക്കിയിരിക്കുന്നത്. രണ്ട് സിംഹങ്ങളാകും സഫാരിയിൽ ഉണ്ടാകുക. നേരത്തെ സഫാരിക്കായി ഉപയോഗിച്ചിരുന്ന സിംഹത്തിന് പ്രായമായതിനെ തുടർന്നാണ് ഷേരുവിനെ അവിടേക്ക് തുറന്ന് വിടുന്നത്.
പരിചയക്കുറവ് മൂലമാകും ഷേരു തിരിച്ച് വരാത്തതെന്നും കുറ്റിക്കാടുകൾക്കിടയിലോ മറ്റോ ഒളിച്ചിരിക്കുകയാകും എന്നാണ് അധികൃതർ പറയുന്നത്. സഫാരി പ്രദേശം 15 അടി ഉയരമുള്ള കമ്പി വേലി കൊണ്ട് ചുറ്റപ്പെട്ടതാണെന്നും അതിനാൽ സിംഹം പ്രദേശത്തിന് പുറത്ത് കടക്കാനുള്ള സാധ്യതയില്ലെന്നും അധികൃതർ പറയുന്നുണ്ട്. സിംഹത്തെ കാണാതായി ദിവസങ്ങളായതിനാൽ സമീപപ്രദേശത്തെ ജനങ്ങളെല്ലാം പരിഭാന്തിയിലാണ്.
Previous Post Next Post