പാലക്കാട് :- ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നൽകി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. ടി.എം.ജെ ഡിസ് ലോക്കേഷൻ ( താടിയെല്ലുകൾ സ്‌തംഭിക്കുക) എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് അടിയന്തര വൈദ്യ സഹായം നൽകിയത്. കന്യാകുമാരി- തിബ്രുഗഡ് വിവേക് എക്സ്പ്രസിലാണ് സംഭവം. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് കോട്ടുവായ ഇട്ടതിനുശേഷം വായ അടക്കാൻ കഴിഞ്ഞില്ല.
വായ തുറന്ന നിലയിൽ ബുദ്ധിമുട്ടിയ യാത്രക്കാരൻ റെയിൽവെ അധികൃതരുടെ സഹായം തേടുകയായിരുന്നു. തുടർന്ന് ട്രെയിൻ പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് അടിയന്തര ചികിത്സ നൽകിയത്. പാലക്കാട് റെയിൽവേ ആശുപത്രിയിലെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ പിഎസ് ജിതൻ സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് പ്ലാറ്റ്ഫോമിൽ വെച്ച് തന്നെ യുവാവിന് ചികിത്സ നൽകി. മെഡിക്കൽ ഓഫീസർക്ക് നന്ദി പറഞ്ഞാണ് യുവാവ് മടങ്ങിയത്. യുവാവ് അതേ ട്രെയിനിൽ തന്നെ യാത്ര തുടരുകയായിരുന്നു.