നഴ്സിംഗ് വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ, ആശുപത്രിയിലേക്ക് കൊണ്ടുപോകവേ കാർ മറിഞ്ഞ് മരണം

 


കാസർകോട്: -കാസർകോട് ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യ ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞ് പെൺകുട്ടി മരിച്ചു. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20) മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് വീട്ടിലെകിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടത്. അമ്മ വനജയും സഹോദരന്‍ മഹേഷും ചേർന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ പടിമരുതില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

പെൺകുട്ടിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാർ പടിമരുതില്‍ വെച്ച് നിയന്ത്രണംവിട്ടു മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ഉടൻ തന്നെ കാസര്‍കോട് ചെർക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തൂങ്ങിയതിനാലാണോ കാർ അപകടമാണോ മഹിമയുടെ മരണകാരണം എന്ന് വ്യക്തമല്ല. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

പോസ്റ്റുമോ‍ട്ടത്തിന് ശേഷം മാത്രമേ മഹിമയുടെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട്ടെ നുള്ളിപ്പാടിയിൽ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു മഹിമ. അപകടത്തിൽ മഹിമയുടെ അമ്മക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. പെൺകുട്ടി എന്തിനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നത് വ്യക്തമല്ല. വിദ്യാ‍‍ർത്ഥിനിയുടെ മരണത്തിൽ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post