തലശ്ശേരി :- ജില്ലാ കോടതിയുടെ പുതിയ കോംപ്ലക്സിലെ ലിഫ്റ്റ് പൊങ്ങിയശേഷം അതിവേഗത്തിൽ താഴേക്കു പതിച്ചതിനെത്തുടർന്ന് 3 അഭിഭാഷകർക്ക് പരുക്കേറ്റു. അഭിഭാഷകർ 40 മിനിറ്റിലേറെ ലിഫ്റ്റിൽ കുടുങ്ങി. പരുക്കേറ്റ രണ്ട് വനിതാ അഭിഭാഷകർ സഹകരണ ആശുപത്രി യിൽ ചികിത്സ തേടി. ഒരാൾക്ക് മൂക്കിനു പൊട്ടലുണ്ട്. മറ്റൊരു അഭിഭാഷകൻ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 10.50ന് ബേസ്മെന്റിൽ നിന്ന് 6 അഭിഭാഷകരാണ് ലിഫ്റ്റിൽ കയറിയത്. രണ്ടാം നിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് പണിമുടക്കി. അകത്ത് ഫോൺ കിട്ടാതായതോടെ അലാം മുഴക്കി. ഇതുകേട്ട് കോടതി ജീവനക്കാരെത്തി ശരിയാക്കാമെന്ന് അറിയിച്ചു.
ഇതിനിടെ മൂന്നാം നിലയിലേക്കു പൊങ്ങിയ ലിഫ്റ്റ് അതിവേഗത്തിൽ ബേസ്മെന്റിലേക്കു തന്നെ പതിച്ചു. അതേ വേഗത്തിൽ വീണ്ടും മുകളിലോട്ട് ഉയർന്ന ശേഷം വീണ്ടും താഴേക്ക് ശക്തിയായി വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ പരസ്പരം കൂട്ടിമുട്ടിയാണ് അഭിഭാഷകർക്കു പരുക്കേറ്റത്. ലിഫ്റ്റിനകത്ത് കറന്റും പോയി. ഉള്ളിലുളളവർ നിലവിളിച്ചു. ജീവനക്കാർ ഓടിയെത്തി ലിഫ്റ്റ് തുറക്കാനുള്ള ശ്രമം തുടങ്ങി. 11.30നാണ് അഭിഭാഷകർക്ക് പുറത്തിറങ്ങാനായത്. മുൻപ് കോടതി കോംപ്ലക്സ‌് ഉദ്ഘാടനം ചെയ്ത് ദിവസവും ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയിരുന്നു. ഇതിനുശേഷം പലതവണ ഇതാവർത്തിച്ചു. എട്ടുനിലയിലുള്ള കെട്ടിടത്തിലേക്ക് ന്യായാധിപരും അഭിഭാഷകരും കോടതി ജീവനക്കാരും കക്ഷികളുമായി ദിവസവും നൂറുകണക്കിനാളുകളാണു കയറിപ്പോകുന്നത്.
ജില്ലാ കോടതിയിലെ പുതിയ കോംപ്ലക്സിൽ സ്ഥാപിച്ച ലിഫ്റ്റ് ഇടയ്ക്കിടെ തകരാറാവുന്നതിനെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാശ്യപ്പെട്ടു ഹൈക്കോടതി റജിസ്ട്രാർക്കും ജില്ലാ പൊലീസ് മേധാവിക്കും ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് കെ.എ സജീവൻ പരാതി നൽകി. ഗുണനിലവാരം കുറഞ്ഞ ലിഫ്റ്റ് സ്ഥാപിച്ചതും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതും സ്ഥാപിക്കുന്നതിലെ തകരാറുമാണ് ഇത്തരത്തിൽ ലിഫ്റ്റ് തകരാറിനു കാരണമെന്നും ചൂണ്ടിക്കാട്ടി. ഉത്തരവാദികളായ എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ നടപടി വേണമെന്നാണ് ആവശ്യം.
