വാഹനങ്ങൾ നിർത്തിയിടാൻ ഇനി പാടുപെടേണ്ട ; കണ്ണൂർ ടൗണിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം ഒരുങ്ങി, ഉദ്ഘാടനം നവംബർ 1 ന്


കണ്ണൂർ :- നഗരത്തിലെ വാഹന പാർക്കിംഗ് പ്രശ്ന പരിഹാരമായി കോർപ്പറേഷൻ നിർമ്മിച്ച മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. ജവാഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം, ബാങ്ക് റോഡ് പീതാംബര പാർക്ക് എന്നിവിടങ്ങളിലാണ് മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. 2020ൽ നിർമ്മാണം ആരംഭിച്ച പാർക്കിംഗ് കേന്ദ്രം അഞ്ച് വർഷം പൂർത്തിയാകുമ്പോഴാണ് പ്രവർത്തന സജ്ജമാകാനൊരുങ്ങുന്നത്. സ്റ്റേഡിയം കോർണറിലെ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ പത്തിന് നടക്കും. തുടർന്ന് ഒരാഴ്ചക്കകം പ്രഭാത് ജംഗ്ഷനിലെ ഉദ്ഘാടനവും നടക്കുമെന്ന് അധികൃതർ പറഞ്ഞു.

നഗരത്തിൽ വാഹനങ്ങൾക്ക് ആവശ്യത്തിന് പാർക്കിംഗ് സ്ഥലമില്ലാത്ത പ്രശ്നം മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ജവഹർ സ്റ്റേഡിയത്തിനു സമീപം ആറു നിലകളിലായി നാലു യൂണിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ നിലകളിലും 31 വീതം കാറുകൾ പാർക്ക് ചെയ്യാം. കേന്ദ്രത്തിൽ ഒരേസമയം 124 കാറുകൾക്കും പാർക്ക് ചെയ്യാം. പീതാംബര പാർക്കിൽ ആറുനിലകളിലായി ഒരു യൂണിറ്റ് പ്രവർത്തിക്കും. ഇവിടെ 31 കാറുകൾക്ക് പാർക്ക് ചെയ്യാനാകും. പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ. 

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. 12.4 കോടി രൂപ ചെലവിലാണ് പാർക്കിംഗ് കേന്ദ്രങ്ങൾ നിർമ്മിച്ചത്. 2018ൽ സർക്കാർ ഏജൻസിയായ കിറ്റ്കോയാണ് ഡി.പി.ആർ തയാറാക്കിയത്. നിലവിൽ ഇന്റർലോക്ക്, കോംപൗണ്ട് വാൾ എന്നിവയുടെ പ്രവൃത്തിയും പൂർത്തിയായി.നേരിട്ടത് നിരവധി ആക്ഷേപങ്ങൾ 2020ൽ ആംരംഭിച്ച പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്. അന്ന് നാല് മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്.

പിന്നീട് ഇടയ്ക്കിടെ പ്രവൃത്തി തടസ്സപ്പെട്ട് പാർക്കിംഗ് കേന്ദ്രം നോക്കുകുത്തിയായി മാറി. സർക്കാരിന് നൽകിയ റിവേഴ്സ‌് എസ്റ്റിമേറ്റിന് അംഗീകാരം കിട്ടാൻ മാസങ്ങൾ വേണ്ടി വന്നു. അനുമതി നൽകാൻ സർക്കാർ വൈകിപ്പിച്ചതോടെ പാർക്കിംഗ് കേന്ദ്രങ്ങളുടെ പണിയും വൈകുകയായിരുന്നുവെന്നാണ് കോർപ്പറേഷൻ അധികൃതരുടെ മറുപടി. ഈ വർഷം വീണ്ടും നിർത്തിവച്ച പ്രവൃത്തി കഴിഞ്ഞ മാർച്ച് മാസത്തിലാണ് സാങ്കേതിക തടസ്സം പരിഹരിച്ച് പുനരാരംഭിച്ചത്. അന്ന് രണ്ട് മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ് ഉറപ്പു നൽകിയിരുന്നത്.

Previous Post Next Post