കണ്ണൂർ :- കുട്ടികൾക്ക് ചുമമരുന്ന് നൽകാനുള്ള മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്. ഡോക്ടർമാർ മരുന്ന് കുറിക്കുമ്പോഴും ഫാർമസിസ്റ്റുകൾ വിതരണം ചെയ്യുമ്പോഴും രക്ഷിതാക്കൾ കുട്ടികൾക്ക് നൽകുമ്പോഴും മാർഗനിർദേശങ്ങൾ പാലിക്കണം. ചുമമരുന്ന് കുടിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച പശ്ചാത്തലത്തിലാണ് വിദഗ്‌ധസമിതിയുടെ ഉപദേശപ്രകാരം മാർഗനിർദേശം. ശിശുക്കളിലും രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളിലും ചുമമരുന്ന് ഒഴിവാക്കണം. മിക്കവാറും ചുമയും ജലദോഷവും സ്വയം മാറും എന്നതിനാലാണിത്. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിലും രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ചുമമരുന്നുകൾ നൽകരുത്.
ശ്വാസംമുട്ടൽ ഉണ്ടാക്കുന്ന ബ്രോങ്കോസ്പാസം, അലർജിക് റൈനിറ്റിസ്, ആസ്ത്‌മ, ശ്വാസകോശത്തിലേക്ക് വായു കൊണ്ടുപോകുന്ന ശ്വാസനാളങ്ങളെ ബാധിക്കുന്ന ബ്രോങ്കിയക്ടാസിസ്, സിസ്റ്റിക് ഫൈബ്രോസിസ് മുതലായ അസുഖങ്ങളുള്ള കുട്ടികളിൽ ഏതൊക്കെ മരുന്നുകൾ എത്ര ഡോസേജിൽ ഉപയോഗിക്കാമെന്ന് ഡോക്ടർമാർക്കുള്ള മാർഗനിർദേശത്തിൽ പറയുന്നു.
ചുമ രോഗമല്ല, രോഗലക്ഷണം മാത്രമാണ്. രോഗകാരണത്തെയാണ് ശരിക്കും ചികിത്സിക്കേണ്ടത്. പ്രത്യേകിച്ച് കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലോ സാധാരണ വൈറൽ അണു ബാധയോ ആണെങ്കിൽ വലിയ ചികിത്സയൊന്നും വേണ്ട. വീട്ടിൽ ചെയ്യാവുന്ന ലളിതമായ ചികിത്സകൾ മതി. ചുമ രണ്ടാഴ്ചയ്ക്കുള്ളിൽ മാറും. കുഞ്ഞിന് ശ്വാസകോശ സംബന്ധമായ എന്തെങ്കിലും അസുഖം കാരണമുള്ള ചുമയാണെങ്കിൽ ആ രോഗം മാറാനുള്ള മരുന്ന് കഴിക്കണം
ചുമയ്ക്ക് ഒരിക്കൽ നിർദേശിക്കുന്ന മരുന്നുകൾ മറ്റൊരവസരത്തിൽ ഡോക്ടറെ സമീപിക്കാതെ ഉപയോഗിക്കരുത്. ഒരു കുട്ടിക്ക് നിർദേശിക്കുന്ന മരുന്ന് മറ്റൊരാൾക്ക് നൽകരുത്. രണ്ടാഴ്ചയിൽ കൂടുതൽ നീളുന്ന ചുമയ്ക്ക് ഡോക്ടറെക്കണ്ട് ശരിയായ വിലയിരുത്തൽ നടത്തണം.