തിരുവനന്തപുരം :- ഡോക്ടർമാർ കുട്ടികൾക്കു മരുന്നു കുറിക്കുമ്പോൾ ആ കുറിപ്പടി ഉപയോഗിക്കാവുന്ന കാലാവധി കൂടി രേഖപ്പെടുത്തണമെന്നു ശുപാർശ. ഈ കാലാവധി കഴിഞ്ഞ കുറിപ്പടിയുമായി വരുന്നവർക്കു മെഡിക്കൽ സ്റ്റോറുകളിൽ നിന്നു മരുന്നുകൾ നൽകാനും പാടില്ല. കുട്ടികളുടെ ചുമ മരുന്ന് ഉപയോഗത്തെക്കുറിച്ചു മൂന്നംഗ വിദഗ്ധസമിതി ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡൈയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ശുപാർശക ളെക്കുറിച്ചു ശിശുരോഗ വിദഗ്‌ധരുടെ കൂടി അഭിപ്രായം തേടിയ ശേഷം വൈകാതെ മാർഗരേഖ പുറപ്പെടുവിക്കും.
ഓരോ കുട്ടിയുടെയും ഭാരം നോക്കിയാണു മരുന്നു നിശ്ചയിക്കുന്നത്. ഒരു കൂട്ടിയുടെ കുറിപ്പടി ഉപയോഗിച്ചു സഹോദരങ്ങൾക്കും ബന്ധുക്കൾക്കും മരുന്നു വാങ്ങി ഉപയോഗിക്കുന്നതു ദോഷം ചെയ്യും. ഈ പ്രവണത തടയാനാണു കുറിപ്പടിയിൽ കാലാവധി രേഖപ്പെടുത്തുന്നത്. ഒരു കുട്ടിക്കു നിശ്ചിത ദിവസത്തേക്കുള്ള മരുന്നാണ് ഡോക്‌ടർ കുറിക്കുന്നതെങ്കിലും ആ കുറിപ്പടി ഉപയോഗിക്കാവുന്ന പരമാവധി കാലാവധി കൂടി രേഖപ്പെടുത്തണം. ചികിത്സയുടെ ഭാഗമായി ചില മരുന്നുകൾ ഇടവേളയ്ക്കു ശേഷമോ രോഗം മാറിയില്ലെങ്കിൽ തുടരേണ്ടതായോ വരും. അതിനാലാണു നിശ്ചിത കാലാവധി രേഖപ്പെടുത്തേണ്ടത്.