കൊണ്ടോട്ടി :- എയർ ഇന്ത്യ എക്സ്പ്രസ് സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുകയും നിർത്തലാക്കുകയും ചെയ്യുന്നതോടെ ഒരു മാസം നഷ്ടപ്പെടുന്നത് ശരാശരി 56,000 സീറ്റുകൾ. ആഴ്‌ചയിൽ 75 സർവീസുകളും മാസത്തിൽ മുന്നൂറിലധികം സർവീസുകളുമാണ് ഇല്ലാതാകുന്നത്. ഒക്ടോബർ 26-ന് തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിലാണ് കേരളത്തിലെ നാലു വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളിൽ ചിലത് റദ്ദാക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്തത്.
എയർ ഇന്ത്യ എക്സ്പ്രസിൻ്റെ പിന്മാറ്റം ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് കണ്ണൂരിനാണ്. പൊതുവെ സർവീസുകൾ കുറവുള്ള കണ്ണൂരിൽ ആഴ്ചയിൽ മടക്ക സർവീസുകളടക്കം 42 സർവീസുകളാണ് ഇല്ലാതാകുന്നത്. കണ്ണൂരിനെ കൂടുതൽ യാത്രക്കാർ ആശ്രയിക്കാൻ തുടങ്ങിയ കാലമാണിത്. കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ ഒരുലക്ഷത്തിനു മുകളിൽ അന്താരാഷ്ട്ര യാത്രക്കാർ കണ്ണൂരിലുണ്ടായിരുന്നു. എയർ ഇന്ത്യ എക്സ്‌പ്രസിൻ്റെ ജിദ്ദ സർവീസുകളിൽ 95 ശതമാനത്തിനു മുകളിൽ യാത്രക്കാരുണ്ടായിരുന്നു.
കരിപ്പൂരിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള കുവൈത്ത് വിമാനം കഴിഞ്ഞ ഒന്നാംതീയതിയോടെ നിർത്തി. കൊച്ചിയിൽ നിന്നുള്ള സലാല, റിയാദ് സർവീസുകളും കണ്ണൂരിൽ നിന്നുള്ള ബഹ്റൈൻ, ജിദ്ദ, ദമാം സർവീസുകളും ഒഴിവാക്കുന്ന പട്ടി കയിലുണ്ട്. തിരുവനന്തപുരത്തു നിന്നുള്ള ദുബായ്, അബുദാബിസർവീസുകളാണ് ഒഴിവാക്കുന്നത്. കോഴിക്കോട്ടുനിന്ന് ദമാമിലേക്ക് ആഴ്ച്‌ചയിൽ ഏഴു സർവീസുകളുള്ളത് മൂന്നാകും. ഷാർജയിലേക്കുള്ള ഒൻപത് സർവീസുകൾ ആറും റാസൽ ഖൈമയിലേക്കുള്ള ഏഴ് സർവീസുകൾ നാലും ആകും.