ആഗോളതലത്തിൽ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയും നടക്കുന്നത് ഇന്ത്യയിൽ


മുംബൈ :- ആഗോളതലത്തിൽ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയും നടക്കുന്നത് ഇന്ത്യയിലെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. മുംബൈയിൽ ചൊവ്വാഴ്ച തുടങ്ങിയ ഗ്ലോബൽ ഫിൻടെക് മേളയെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. 87 ശതമാനം പേരും ഡിജിറ്റൽ പേമെൻ്റ് സംവിധാനത്തെ അംഗീകരിക്കുന്നു. ആഗോള ശരാശരി 67 ശതമാനം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2024-25 സാമ്പത്തികവർഷം 18,500 കോടി യുപിഐ ഇടപാടുകളിലായി 261 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇന്ത്യയിൽ സാമ്പത്തിക സാങ്കേതിക വിദ്യ നഗരകേന്ദ്രിതമല്ല, മറിച്ച് രാജ്യവ്യാപകമായ പുതിയ സാമ്പത്തിക ശാക്തീകരണത്തിൻ്റെ ഭാഗമാണ്. പത്തു വർഷത്തിനിടെ യൂറോപ്യൻ യൂണിയന്റെ ജനസംഖ്യക്കു തുല്യമായ ആളുകളെ ബാങ്കിങ് രംഗത്ത് ബന്ധിപ്പിക്കാൻ കഴിഞ്ഞു. ഫിൻടെക് കമ്പനികളുടെ കാര്യത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്താണിപ്പോൾ. ആധാർ, യുപിഐ, ഡി ജിലോക്കർ എന്നിവ രാജ്യത്തെ പൊതു സാമ്പത്തിക സംവിധാനം മാറ്റിമറിച്ചതായും അവർ അഭിപ്രായപ്പെട്ടു.

കരുതൽ വേണം 

സാമ്പത്തികരംഗത്ത് നിർമിതബുദ്ധി ഉപയോഗം ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാൽ, ഇവയുടെ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ വികസിച്ചുവരുകയാണ്. സർവ മേഖലകളിലേക്കും നിർമിതബുദ്ധി കടന്നുവരുന്നു. എന്നാൽ, ഇതിൻ്റെ ഉപയോഗം ഉത്തരവാദിത്വത്തോടെയാകണമെ ന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. തൻ്റെ തന്നെ ശബ്ദവും ദൃശ്യവും ഉപയോഗിച്ചുള്ള പല ഡീപ് ഫേക്ക് വീഡിയോകളും പ്രചരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് എഐയുടെ മറ്റൊരു വശമാണ്. ഇതിനെതിരേ കരുതലുണ്ടാകണം. പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കാനും വളർച്ചയിലേക്ക് രാജ്യത്തെ നയിക്കാനും ഇന്ത്യൻ കമ്പനികളോട് മന്ത്രി അഭ്യർഥിച്ചു. സാങ്കേതികവിദ്യ ആയുധമാകാൻ പാടില്ല. സുതാര്യമായി ഇടപാടുകൾ നടത്താനാകണം.

നിർമിതബുദ്ധി പരിശീലനത്തിനും ഭാവിസാധ്യതകൾ പ്ര യോജനപ്പെടുത്തുന്നതിനും 130 കോടി രൂപയുടെ 'ഇന്ത്യ എഐ മിഷൻ' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഗിഫ്റ്റ് സിറ്റിയിലാകും ഇതിനുള്ള പ്രവർത്തനങ്ങൾ. പുതിയ ഫിൻടെക് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ഫണ്ട് ലഭ്യമാക്കു ന്നതിനും ഇവിടെ സൗകര്യമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നിർമിതബുദ്ധി, ബ്ലോക്ക് ചെയിൻ, ഇന്റലിജൻസ് എന്നിവ കേന്ദ്രീകരിച്ചുള്ള പുതിയ സാങ്കേതികവിദ്യകളാണ് രൂപപ്പെടുന്നത്. സുരക്ഷ ഉറപ്പാക്കി ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനമാണ് ഇതിനായി ഒരുക്കേണ്ടത്. ആഗോളതലത്തിൽ 16 ശതമാനം വരെ എഐ നൈപുണി ഇന്ത്യക്കു സ്വന്തമാണ്. ഇത് വലിയ സാധ്യതയാണ് തുറക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Previous Post Next Post