തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടും


തിരുവനന്തപുരം :- തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി പോളിങ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചേക്കും. നേരത്തേ ബൂത്തുകളുടെ എണ്ണം മൂവായിരത്തോളം കുറച്ചതോടെ 30,759 ആയിരുന്നു. ഒരു ബൂത്തിൽ 1300 (പഞ്ചായത്ത്), 1600 (നഗരസഭ) വോട്ടർമാർ എന്ന ക്രമത്തിൽ ഉൾപ്പെടുത്തണമന്നാണു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നത്. ഇതോടെയാണു ബൂത്തുകളുടെ എണ്ണം കുറഞ്ഞത്. എന്നാൽ, രണ്ടു ഘട്ടമായി 25 ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽ ചേർത്തതോടെയും വാർഡ് വിഭജനത്തിന്റെ സാഹചര്യത്തിലും കൂടുതൽ ബൂത്തുകൾ വേണമെന്നാണു വിലയിരുത്തൽ.

33,000ത്തിൽപരം ബൂത്തുകൾ വേണ്ടി വരുമെന്നാണു കണക്കു കൂട്ടുന്നത്. നിലവിലുള്ള ബൂത്തുകളിൽ വോട്ടർമാരെ പരമാവധി ഉൾപ്പെടുത്തി വേണം നടപടികളെന്നും പ്രദേശത്തിന് അകലെയുള്ള ബൂത്തുകളിലേക്ക് വോട്ടർമാരെ മാറ്റിച്ചേർക്കരുതെന്നും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരോട് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഈ മാസം 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ബൂത്തുകളുടെ കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാവും. തുടർന്ന്, ഒരാഴ്ചയ്ക്കകം തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുമെന്നാണു സൂചന.

Previous Post Next Post