കണ്ണൂർ :- ജില്ലയിലെ മാംസ വിപണിയിൽ സജീവമാകാൻ ഒരുങ്ങി കേരള ചിക്കൻ. നിലവിൽ ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് ഔലെറ്റുകളിൽ നിന്നുമായി ശരാശരി 8000 രൂപ വരെ ദിവസ വരുമാനം ലഭിക്കുന്നുണ്ട്. പ്രൈവറ്റ് കമ്പനികളിൽ നിന്നു ലഭിക്കുന്ന ഇറച്ചിയെക്കാൾ ഗുണമേന്മ കൂടുതലുള്ളതും വിലക്കുറവും കേരള ചിക്കൻ ഉൽപന്നങ്ങളുടെ സ്വീകാര്യത കൂട്ടുകയാണ്. ജില്ലയിൽ കുറ്റ്യാട്ടൂർ, പാനൂർ എന്നിവിടങ്ങളിലാണ് കേരള ചിക്കൻ ഔലെറ്റുകൾ ആരംഭിച്ചിട്ടുള്ളത്. തളിപ്പറമ്പ്, കണ്ണൂർ, ഇരിട്ടി, കല്യാശ്ശേരി ബ്ലോക്കുകളിൽ കൂടി അടുത്ത മാസം ഔട്ലെറ്റുകൾ പ്രവർത്തനം ആരംഭിക്കും. കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിക്ക് ഇതുവരെയായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുമായി 10 അപേക്ഷകൾ ഔട്‌ലെറ്റ് തുടങ്ങുന്നതിനായി ലഭിച്ചിട്ടുണ്ട്.
ആദ്യഘട്ടം എന്ന നിലയിൽ വരുന്ന ആറുമാസത്തിനുള്ളിൽ ഈ ഔട്‌ലെറ്റുകൾ പ്രവർത്തനം ആരംഭിക്കും. തുടർന്ന് രണ്ടാംഘട്ടമായി ജില്ലയിലെ മു ഴുവൻ സിഡിഎസുകളിലും ഒരു കേരള ചിക്കൻ ഔട്ലെറ്റ് എന്ന പദ്ധതി ലക്ഷ്യം നടപ്പിലാക്കും. ആറളം ഫാം മേഖലയിൽ കേരള ചിക്കൻ ഫാം, ഔട്ലറ്റ്ലെറ്റും തുടങ്ങാനുള്ള നടപടികളും കുടുംബശ്രീ ജില്ലാ മിഷൻ ആരംഭിച്ചു. കേരള ചിക്കൻ ഫാമുകളിൽ വളർത്തുന്ന ഇറച്ചിക്കോഴികൾ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണനശാലകൾ വഴിയാണ് വിൽപന നടത്തുന്നത്. കിലോയ്ക്ക് 17 രൂപ ഔട്‌ലെറ്റ് ഉടമയ്ക്ക് ലഭിക്കും.
മാർക്കറ്റ് വിലയെക്കാളും 10% കുറഞ്ഞ വിലയിലാണു കേരള ചിക്കൻ ഔട്‌ലെറ്റുകൾ വഴി വിൽപന നടത്തുന്നത്. ബ്രോയ്‌ലർ കർഷകർക്കും, ഔട്‌ലെറ്റ് ഉടമകൾക്കും മികച്ച വരുമാന മാർഗം ഉറപ്പുവരുത്തുന്ന സംരംഭം കൂടിയാണ് കേരള' ചിക്കൻ.50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മാസ വരുമാനം ഔട്‌ലെറ്റുകൾ വഴി കുടുംബശ്രീ അംഗങ്ങൾക്ക് കേരള ചിക്കൻ പദ്ധതി വഴി ലഭിക്കുന്നുണ്ട്. കേരള ചിക്കൻ ഫാമുകൾ, ഔട്‌ലെറ്റുകൾ ആരംഭിക്കുന്നതിന് കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ വരെ ലോൺ ലഭിക്കും.
